
ഹരിയാന: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഹരിയാനയില്‍ നിന്നും രാഖി. ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിലെ യുവതികളാണ് ട്രംപിന് രാഖി സമ്മാനിച്ചത്. രക്ഷാബന്ധന് ദിനത്തില്‍ ലഭിക്കത്തക്ക വിധം ട്രംപിന് 1001 രാഖികള്‍ അയച്ചു. മേവാതിലെ മരോര ഗ്രാമനിവാസികളാണ് ട്രംപിന് രാഖി സമ്മാനിച്ചത്. മരോര ഗ്രാമത്തെ ദത്തെടുത്ത എന്‍ജിഒ സംഘടന മുഖേനയാണ് രാഖി അയക്കുന്നത്.
ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കുന്നതിന്റെ പ്രതീകമായാണ് രാഖികള്‍ അയക്കുന്നതെന്ന് എന്‍ജിഒ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. മരോര ഗ്രാമത്തിന് നേരത്തെ ട്രംപിന്റെ പേരിട്ടിരുന്നു. സുലഭ് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സര്‍വീസ് ഓര്ഗനൈസേഷന് എന്ന എന്‍ജിഒ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പേരുമാറ്റം. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടിയതോടെ പേര് മാറ്റിയ ബോര്‍ഡുകള്‍ എടുത്ത് കളഞ്ഞിരുന്നു.
ട്രംപിന്റെ പേരും ചിത്രങ്ങളും അടങ്ങിയ ബോര്‍ഡുകള്‍ ഗ്രാമത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. ട്രംപിനോട് അത്രയേറെ അടുപ്പം പുലര്‍ത്തുന്ന ഗ്രാമവാസികള്‍, രക്ഷാബന്ധന് ദിനമായ ഓഗസ്റ്റ് 7ന് ലഭിക്കത്തക്കവിധമാണ് ട്രംപിന് രാഖികള്‍ അയച്ചത്. ഇന്നലെ കാര്‍ഗോ വഴി രാഖികള്‍ അയച്ചു. രക്ഷാബന്ധന് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണണമെന്ന ആഗ്രഹവും ഗ്രാമത്തിലെ വിധവകള്‍ അറിയിച്ചിട്ടുണ്ട്.






