
മലപ്പുറം: അമ്മയെ കാണാനും മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുമായി ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി. ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ഇന്നു കേരളത്തിലെത്തും. നടപടിക്രമങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കി. ഇന്നു 2.20-ന് ബംഗളുരുവില്‍നിന്നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ 3.30-ന് നെടുമ്പാശേരിയിലിറങ്ങും. മകന് സ്വലാഹുദ്ദീന്‍ അയ്യൂബി ഒപ്പമുണ്ടാകും.
നെടുമ്പാശേരിയില്‍ നിന്ന് കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലേക്കു പോകും. ഒമ്പതിനു കണ്ണൂരിലാണ് മൂത്ത മകന്റെ വിവാഹം. അതിനായി എട്ടിന് ഉച്ചയോടെ കണ്ണൂരിലേക്കു തിരിക്കും. വിവാഹച്ചടങ്ങിനു ശേഷം വൈകിട്ടു നാലിന് അന്‍വാര്‍ശേരിയിലേക്കു മടങ്ങും. 19-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബംഗളുരുവിലേക്കുള്ള മടക്കയാത്ര.
മകന്റെ നിക്കാഹിനു ശേഷം നടക്കുന്ന ഖുതുബയ്ക്ക് മഅദനി നേതൃത്വം നല്‍കും. 11-ന് മന്ത്രിസഭാ യോഗം നടക്കുന്നതിനാല്‍ വിവാഹച്ചടങ്ങിനെത്താന് കഴിയാത്ത മന്ത്രിമാര്‍ക്കും മറ്റു ജനപ്രതിനിധികള്‍ക്കുമായി അന്നു രാത്രി ഒമ്പതിന് കൊല്ലം ടൗണ്‍ഹാളില്‍ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
അതിനിടെ, കേരളത്തിലേക്കുള്ള യാത്ര വൈകിക്കാന്‍ കര്‍ണാടക പോലീസ് ശ്രമിച്ചതായി ആരോപണമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരുടെ യാത്രച്ചെലവിനും മറ്റുമായി നല്‍കേണ്ട 1.18 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുമായി അഡ്വ. പി. ഉസ്മാനും പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും ഇന്നലെ രാവിലെ 11-ന് ബംഗളുരു സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലെത്തിയെങ്കിലും ഡി.ഡി. സ്വീകരിച്ചില്ല. 22 കി.മീ. അകലെയുള്ള മറ്റൊരു ഓഫീസിലാണു ഡി.ഡി. നല്കേണ്ടതെന്നു പറഞ്ഞ് അവിടേക്കയച്ചു. പിന്നെയും നാല് ഓഫീസുകളിലേക്ക് ഇങ്ങനെ പറഞ്ഞയച്ചു. കേരളത്തില്‍ തങ്ങാനുള്ള സമയം നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് പി.ഡി.പിയുടെ ആരോപണം.






