കൊച്ചി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തി. മൂന്നരയോടെയാണ് മദനി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. പിഡിപി നേതാവ് പൂന്തുറ സിറാജ് ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മദനിയെ സ്വീകരിക്കാനെത്തിയിരുന്നു. തനിക്ക് വേണ്ടി നീതിയുടേയും മനുഷ്യത്വത്തിന്റേയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദിയെന്ന് മദനി പ്രതികരിച്ചു.
കൊച്ചിയില്‍ നിന്നും മദനി റോഡ് മാര്‍ഗം അര്വാര്ശേരിയിലെ വീട്ടിലേക്ക് പോയി. ഉച്ചയ്ക്ക് 2.30ക്ക് ബംഗളുരുവില്‍ നിന്നുള്ള എയര്‍ ഏഷ്യാ വിമാനത്തിലാണ് മദനി കേരളത്തിലേക്ക് തിരിച്ചത്. മൂത്ത മകന് ഉമര്‍ മുഖ്താറിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കുന്നതിനുമായി ഓഗസ്റ്റ് ആറ് മുതല്‍ 19 വരെ നാട്ടില്‍ തങ്ങാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് മദനി കേരളത്തില്‍ എത്തുന്നത്.
ഒമ്പതിനു കണ്ണൂരിലാണ് മൂത്ത മകന്റെ വിവാഹം. അതിനായി എട്ടിന് ഉച്ചയോടെ കണ്ണൂരിലേക്കു തിരിക്കും. വിവാഹച്ചടങ്ങിനു ശേഷം വൈകിട്ടു നാലിന് അന്‍വാര്‍ശേരിയിലേക്കു മടങ്ങും. 19ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബംഗളുരുവിലേക്കുള്ള മടക്കയാത്ര.






