
ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന നിലപാടുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി. രാജ്യത്തെ മുസ്ലീംകള്‍ക്ക് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്നുണ്ടെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കേ രാജ്യസഭ ടെലിവിഷന്‍ ഇന്നലെ നല്കിയ അവസാന അഭിമുഖത്തിലാണ് അന്‍സാരിയുടെ വെളിപ്പെടുത്തല്‍.
ഉപരാഷ്ട്രപതി സ്ഥാനത്ത് രണ്ടു തവണയായി പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഹാമീദ് അന്‍സാരി ഇന്ന് പടിയിറങ്ങുകയാണ്. പുതിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാളെ ചുമതലയേല്‍ക്കും.
രാജ്യത്ത് 'സ്വീകാര്യതയുടെ വ്യാപ്തി' അപകടാവസ്ഥയിലാണ്. അസഹിഷ്ണുതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കാബിനറ്റ് അംഗങ്ങളെയും അറിയിച്ചിരുന്നു. സ്വന്തം പൗരന്മാര് ചോദ്യം ചെയ്യപ്പെടുന്നു എന്നത് 'അസ്വസ്ഥമായ ചിന്ത'യാണെന്നും അന്‍സാരി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ചില സംഘടനകളുടെ അസഹിഷ്ണുതയും പശു ജാഗ്രത സമിതികളുടെ പ്രവര്‍ത്തനത്തിന്റേയും സാഹചര്യത്തിലായിരുന്നു അന്‍സാരിയുടെ പരാമര്‍ശം. ഈ ആശങ്കകള്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചിരുന്നോ എന്ന കരണ്‍ താപ്പറുടെ ചോദ്യത്തിന് വസ്തവമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അഭിമുഖത്തില്‍, ആള്‍ക്കൂട്ട കൊലപാതകത്തേയും ഖര് വാപ്പസിയേയും അന്‍സാരി പരാമര്‍ശിച്ചു. വേട്ടയാടപ്പെടുന്നു എന്ന ചിന്ത മുസ്ലീംകള്‍ക്ക് ഉണ്ടോയെന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നും എന്നാല്‍ അരക്ഷിതാവസ്ഥയുടെ ഒരു തോന്നല്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






