ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിക്കാത്തത് ജനാധിപത്യമല്ല സേച്ഛാധിപത്യമാണെന്ന് ഹമീദ് അന്‍സാരി പറഞ്ഞു. രാജ്യസഭയിലെ തന്റെ വിടവാങ്ങള്‍ പ്രസംഗത്തിലാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. സഭാനടപടികള്‍ തടസപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഥമ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്ത് കൊണ്ടാണ് ഹമീദ് അന്‍സാരി തന്റെ പ്രസംഗം തുടങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യത്തിന്റെ അധഃപതനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നേരത്തെ രാജ്യസഭാ ടിവിക്ക് നല്കിയ അഭിമുഖത്തിലും ഹമീദ് അന്‍സാരി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പൗരന്മാരുടെ രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണെന്നായിരുന്നു അഭിമുഖത്തിലെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവര്‍ ഹമീദ് അന്‍സാരിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള ശ്രമം തടഞ്ഞതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അന്‍സാരിയെ പ്രകീര്‍ത്തിച്ചു.






