
പന്തളം: െബെക്ക് മോഷണക്കേസില്‍ തെളിവെടുപ്പിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട രണ്ടു റിമാന്‍ഡ് പ്രതികള്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍ സുരേഷ് കുമാര്‍ (മക്കു-20), മലയാലപ്പുഴ താഴത്ത് താമസിക്കുന്ന കോയിപ്രം പൂവത്തൂര്‍ കാവിക്കൊട്ടില്‍ ഷിജു രാജന് (അച്ചു-19) എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. ബാത്ത്റൂമില്‍ പോകണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് ഇവരില്‍ ഒരാളെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയത്.
ഈ സമയം ജി.ഡി ചാര്‍ജ് ഉള്‍പ്പെടെ രണ്ടു പോലീസുകാര്‍ മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ആദ്യം പുറത്തേക്ക് ഇറക്കിയ പ്രതി പാറാവുകാരനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാര്‍ ഇയാള്‍ക്ക് പിന്നാലെ ഓടി. ലോക്കപ്പ് തുറന്നു കിടന്നിരുന്നതിനാല്‍ രണ്ടാമത്തെ പ്രതിയും ഇതിനിടെ പുറത്ത് ചാടി ഓടി. സ്റ്റേഷന്റെ മുന്നിലുള്ള ഗ്രില്‍ തുറന്നു കിടന്നതും പ്രതികള്‍ക്ക് തുണയായി. വിവരമറിയിച്ചതനുസരിച്ച് കൂടുതല്‍ പോലീസെത്തി പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ 14 ന് പത്തനംതിട്ട പോലീസ് ആഡംബര െബെക്ക് മോഷണകേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്നാട്ടിലും നിന്നായി 21 െബെക്കുകളാണ് ഇവര്‍ മോഷ്ടിച്ചത്. പന്തളം സ്റ്റേഷന് പരിധിയില്‍ നടന്ന െബെക്ക് മോഷണത്തിന്റെ അന്വേഷണത്തിനായി ചൊവ്വാഴ്ച പോലീസ് അടൂര്‍ കോടതിയില്‍ അപേക്ഷ നല്കി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അന്വേഷണത്തിന് ശേഷം ഇന്ന് ഇവരെ കോടതിയില്‍ തിരികെ ഹാജരാക്കേണ്ടിയിരുന്നതാണ്.
മറ്റൊരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുമ്പോള്‍ മുമ്പും ജയില്‍ ചാടാന്‍ ശ്രമിച്ചയാളാണ് സുരേഷ്. പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന് അടൂരിന്റെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഡിെവെ.എസ്.പി എസ്. റഫീഖ് എസ്.പിക്ക് റിപ്പോര്‍ട്ട് നല്കി. പന്തളം സി.ഐ. ആര്. സുരേഷ് സസ്പെന്‍ഷനിലായതിനാല്‍ അടൂര്‍ സി.ഐ. ദിന്‍രാജ് ആണ് ഇതേപ്പറ്റി അന്വേഷണം നടത്തി ഡിെവെ.എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സ്റ്റേഷന്റെ ഗ്രില്ലും ഒരാളെ സെല്ലില്‍ നിന്ന് പുറത്തിറക്കിയതിന് ശേഷം അതും പൂട്ടാതിരുന്നത് ഗുരുതരമായ കൃത്യവിലോപമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അജി, അനില്‍ എന്നീ പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് എസ്.പിക്ക് സമര്‍പ്പിക്കും. അതിന് ശേഷം നടപടി ഉണ്ടാകാനാണ് സാധ്യത.






