
നോട്ടുകെട്ടുകള്‍ കൊണ്ട് പൂജ നടത്തിയ യുവാവിനെതിരെ അന്വേഷണം. സൂര്യനാരായണന് എന്ന ബംഗുളൂരു സ്വദേശിയാണ് ഫേസ്ബുക്ക് പോസ്റ്റിട്ട് പൊല്ലാപ്പിലായത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ സത്യനാരായണന് തന്റെ വീട്ടില്‍ നടന്ന ഒരു പൂജയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് പുലിവാലു പിടിച്ചത്.
സ്വര്‍ണ്ണനാണയങ്ങളും നോട്ടുകെട്ടുകളും കൊണ്ട് അലങ്കരിച്ച പൂജാ മുറിയിലാണ് പൂജ നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതോടെ വിമര്‍ശനങ്ങളുടെ പൊങ്കാല ആയിരുന്നു. ഇത് കള്ളപ്പണമാണെന്നും സൂര്യനാരായണനെതിരെ അന്വേഷണം വേണമെന്നും വരെ ആവശ്യം ഉയര്‍ന്നു.
സംഭവം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി സൂര്യനാരായണന് തന്നെ രംഗത്തെത്തി. 88 ലക്ഷം രൂപയുടെ നോട്ടുകളും 1.23 കിലോഗ്രാം സ്വര്ണ്ണനാണയവുമാണ് താന്‍ പൂജയ്ക്കായി ഉപയോഗിച്ചതെന്നും ഇവ നിയമവിധേയമായ സമ്പത്താണെന്നും അയാള്‍ ഫേസ്ബുക്കില്‍ വിശദീകരിച്ചു. ഇതിനിടെ, പോസ്റ്റു കണ്ട് പലരും പരാതിയുമായി രംഗത്തെത്തിയതോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം.






