
ന്യുയോര്‍ക്ക്: സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ്ണമണിയും. 15-ാം തിയതി ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റു നേരമാണ് ഇന്ത്യയുടെ ദേശീയ പതാകകളുടെ നിറങ്ങളണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് പ്രകാശം പകരുന്നത്. ഇന്ത്യന്‍ സമയം ആകുമ്പോള്‍ ഓഗസ്റ്റ് 16ന് രാവിലെ ഏഴരയ്ക്കായിരിക്കുമിത്.
ബഫലോ സര്വ്വകലാശാലയലെ അഡ്മിനിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് ഇത് സാധ്യമാക്കുന്നത്. ഇത്തരം വിശിഷ്ടാവസരങ്ങളില് നയാഗ്രപാര്ക്ക് കമ്മീഷന് വെള്ളച്ചാട്ടത്തിന് നിറം പകരാറുണ്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ ആശയം ഉയര്‍ന്നു വന്നത്. എണ്ണൂറു കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസ്സോസ്സിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ മകനാണ് സിബു.
നയാഗ്ര പാര്‍ക്ക് അധികൃതരോട് പറഞ്ഞപ്പോള്‍ മറുപടി ആവേശകരമായിരുന്നുവെന്ന് സിബു പറയുന്നു. 2014ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയെ ത്രിവര്ണമണിയിച്ചിരുന്നു.






