
സ്റ്റിറോയ്ഡുകളും ശരീരത്തിന് ദോഷകരമായ വസ്തുക്കളും ചേര്‍ത്ത് നിര്‍മ്മിച്ച മരുന്നുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നുവെന്ന് നടന് സത്യരാജിന്റെ മകള്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി. ദിവ്യ സത്യരാജാണ് അമേരിക്ക നിരോധിച്ച മരുന്നുകള്‍ ഇന്ത്യയിലെത്തുന്നത് വെളിവാക്കി പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഗുരുതരമായ ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് കൂടിയായ ദിവ്യ പറഞ്ഞു.
ഇത്രയും വലിയൊരു സാമൂഹ്യ പ്രശ്നം ചൂണ്ടികാട്ടി ദിവ്യ പ്രധാനമന്ത്രിക്ക് കത്തെഴുതിയ വിവരം രാഷ്ട്രീയ നേതാവ് സീമനാണ് വെളിപ്പെടുത്തിയത്. പൊതുപരിപാടിയില്‍ ദിവ്യയെ അഭിനന്ദിച്ച് സീമന്‍ സംസാരിക്കുകയും ചെയ്തു.
അമേരിക്കയില്‍ നിരോധിച്ച മരുന്നുകള്‍ ഇവിടെ വില്‍ക്കുകയാണ്. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സഹോദരനെപ്പോലെ ഞാന്‍ കാണുന്ന സത്യരാജിന്റെ മകള്‍ ദിവ്യ ഇതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി കഴിഞ്ഞു. ആളുകളെ ചൂഷണം ചെയ്ത് വാങ്ങുന്ന പണം വേണ്ടെന്ന് അവള് പറഞ്ഞിട്ടുണ്ട്. അവളുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുവെന്നും സീമന്‍ പറഞ്ഞു.






