കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന് വേണ്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ വീഡിയോ കോണ്ഫ്രണ്സ് വഴി റിമാന്‍ഡ് നീട്ടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കൂട്ടായ്മ ആരോപിച്ചു. പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് രംഗത്ത് വന്നിരിക്കുന്നത്.
കുറ്റാരോപിതനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാതെ പ്രതിബിംബം മാത്രം ഹാജരാക്കുന്ന വീഡിയോ കോണ്ഫ്രണ്സ് രാജ്യാന്തര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എതിര്‍ത്തു വരുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. തുറന്ന കോടതിയില്‍ മജിസ്ട്രേറ്റിനോടും ആശയവിനിമയം നടത്താനും അധികൃതര്‍ക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും കുറ്റാരോപിതന് അവസരം നിഷേധിക്കുന്നതാണ് വീഡിയോ കോണ്ഫ്രണ്സിംഗ് എന്നും സംഘടന കുറ്റപ്പെടുത്തി.
വിചാരണാ തടവുകാര്‍ക്ക് ഇടയ്്ക്ക് പുറംലോകം കാണാനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. വീഡിയോ കോണ്ഫ്രണ്സ് പൂര്‍ണമായും ജയില്‍ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായതിനാല്‍ കസ്റ്റഡിക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടവും അധികാരവും നഷ്ടപ്പെടുകയാണ്. വീഡിയോ കോണ്‍ഫ്രണ്‍സില്‍ നല്കുന്ന മൊഴികള്‍ സ്വന്തം ഇഷ്ടപ്രകാരമാണോ. അതോ മറ്റുള്ളവരുടെ സമ്മര്‍ദ്ദഫലമായി പറയുന്നതാണോ എന്ന് പോലും തിരിച്ചറിയാനാകില്ല. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൊഴി നല്കുമ്പോള് ഭയമില്ലാതെ മൊഴി നല്‍കാനാകില്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി.






