
കൊല്ലം: തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിനു പിന്നാലെയാണ് കൊല്ലം മെഡിസിറ്റി ആശുപത്രി അധികൃതര്‍ മുരുകനു വെന്റിലേറ്റര്‍ സംവിധാനം നിഷേധിച്ചതെന്ന് ആ ജീവനുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് അലഞ്ഞ ആംബുലന്‍സിന്റെ ഡ്രൈവര്‍ രാഹുല്‍. വെന്റിലേറ്റര്‍ സൗകര്യം ലഭിക്കുമെന്ന് വിളിച്ചുറപ്പിച്ചതിനു ശേഷമാണ് അവിടേക്കു കൊണ്ടുപോയത്. പക്ഷേ, വെന്റിലേറ്റര്‍ ഇല്ലെന്ന മറുപടിയാണ് അവിടെ ചെന്നപ്പോള്‍ ലഭിച്ചത്. പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിട്ടും ലഭ്യമാക്കിയില്ല.
വീഴ്ച പറ്റിയിട്ടില്ലെന്ന് മെഡിസിറ്റി ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സിലെത്തി മുരുകനെ പരിശോധിച്ച ഡോ. ബിലാല്‍ നേരത്തേ പ്രതികരിച്ചിരുന്നു. മെഡിസിറ്റിയില്‍ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്നറിയിച്ചത് ആശുപത്രി അധികൃതരാണ്. നഴ്സിങ് അസിസ്റ്റന്റിനും ഇക്കാര്യമറിയാമെന്നും മുരുകനു കൂട്ടിരിപ്പുകാര്‍ വേണമെന്നു താന്‍ ആവശ്യപ്പെട്ടില്ലെന്നും ഡോ. ബിലാല്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മുരുകന്റെ ജീവന് രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനഃപൂര്‍വമായ വീഴ്ചവരുത്തിയെന്നാണ് ആരോപണം. രണ്ടു വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും ഇല്ലെന്നുപറഞ്ഞ് മടക്കിയയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ബദല്‍ സംവിധാനമൊരുക്കിയില്ല.
വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നെന്ന് മൊഴി നല്കി അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം. അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിലും പൊള്ളല്‍ചികിത്സാ വിഭാഗത്തിലും പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതിരുന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തുനിന്നെത്തുന്ന രോഗിക്ക് നല്കാന് കഴിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികില്‍സ നല്കാന് സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് നാഗര്‍കോവില്‍ സ്വദേശി മുരുകന് (37) കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഞായറാഴ്ച രാത്രി 11-നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന െബെക്കിന്റെ പിന്നില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന െബെക്ക് ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മുരുകന് ചികിത്സ നിഷേധിച്ചെന്ന വിവാദത്തെത്തുടര്‍ന്ന് കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, അസീസിയ, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കെതിരേ പോലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.






