
തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുതിമന്ത്രി എം.എം മണി. പദ്ധതിയെ എതിര്‍ക്കുന്ന നടപടി വിവരക്കേടാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മണി പറയുന്നു.
കാര്യങ്ങള്‍ അറിയാതെയാണ് ഘടകകക്ഷി പദ്ധതിയെ എതിര്‍ക്കുന്നത്. എല്ലാവര്ക്കും വൈദ്യുതി വേണം. എന്നാല്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയെന്നു പറഞ്ഞ് മുടക്കുന്നതാണ് രീതി. പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിച്ച് പദ്ധതി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. സി.പി.ഐ ഇനിയും സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും അദ്ദേഹം അറിയിച്ചു.
കോടികള്‍ ചെലവഴിച്ച് വൈദ്യുതി വാങ്ങുന്നത് തടയാനാണ് വൈദ്യുതി നിലയം നിര്‍മ്മിക്കുന്നത്. ഇത് തടയുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. പദ്ധതി നടപ്പാക്കുന്നത് നാടിനു വേണ്ടിയാണ്. അല്ലാതെ തന്റെ സ്വകാര്യ ആവശ്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. സെക്രട്ടറിമാരെ കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ച് സര്‍ക്കാരിനെ അപമാനിക്കുകയും പിന്നീട് അത് വിവാദമാകുമ്പോള്‍ പാര്‍ട്ടി നടപടിയില്ലെന്ന് തടിതപ്പുന്നതുമാണ് കാനത്തിന്റെ രീതിയെന്നാണ് ആരോപണം. മുന്നണി സംവിധാനത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതാണ് നല്ലത്. മലര്‍ന്നു കിടന്ന് തുപ്പുന്നത് മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യും. പിണറായിക്കെതിരെ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
പദ്ധതിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതപക്ഷം ശക്തമായി എതിര്‍ക്കുകയാണ്. കെ.മുരളീധരനെ പോലെയുള്ള ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തുനിന്നും പദ്ധതിയെ അനുകൂലിക്കുന്നത്. എന്നാല്‍ ഭരണപക്ഷത്താകട്ടെ സി.പി.ഐ ശക്തമായ എതിര്‍പ്പാണ് നടത്തുന്നത്. വി.എസ് അച്യൂതാനന്ദനെ പോലെ ചുരുക്കം ചില സി.പി.എം നേതാക്കളും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്.
പദ്ധതിയുടെ പാരിസ്ഥിതിക അനുമതി അവസാനിക്കാറായ ഘട്ടത്തിലാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തിയത്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി ആരംഭിച്ചതായി വൈദ്യൂതി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.





