
കോയമ്പത്തൂര്‍: ഉറങ്ങിക്കിടന്ന ഭാര്യയേയും മക്കളെയും ദിലീപ്കുമാര് ഗൗഡ വിളിച്ചുണര്‍ത്തിയത് ജീവിതത്തിലേക്കായിരുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാര്‍ കത്തിയുണ്ടായ അപകടത്തില്‍ ദിലീപ്കുമാര് ഗൗഡ കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയേയും മക്കളേയും ജീവിതത്തിലേക്ക് വിളിച്ചുണര്‍ത്തിയ ശേഷമായിരുന്നു മരണത്തിന്റെ പിടയിലേക്ക് സ്വയം അമര്‍ന്നത്.
ഓടിക്കൊണ്ടിരിക്കെയാണ് കാറിനു തീപിടിച്ച് കര്‍ണാടക സ്വദേശിയായ ദിലീപ് മരിച്ചത്. കോലാര്‍ ആണ്ടക്കര്പേട്ട ബസാര്‍ വീഥിയില്‍ വെച്ചായിരുന്നു ദിലീപിന്റെ ജീവന് വിധി കവര്‍ന്നെടുത്തത്. ഭാര്യ ആശയുടേയും മക്കളായ യേശുവിന്റെയും ഏഥലിന്റെയും ജീവന് രക്ഷിച്ചെങ്കിലും കാറില്‍ കുടുങ്ങിയ ദിലീപ് വെന്തു മരിച്ചു. യാത്രയ്ക്കിടയില്‍ എറണാകുളം രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറില്‍ തീപടരുന്നത് ദിലീപ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കാര്‍ നിര്‍ത്തിയ ഇദ്ദേഹം കാറില്‍ ഉറക്കത്തിലായിരുന്ന ഭാര്യയെയും രണ്ടു കുട്ടികളെയും വിളിച്ചുണര്‍ത്തി പുറത്തിറക്കുകയായിരുന്നു.
ദിലീപ് ഇറങ്ങും മുമ്പ് തന്നെ കാര്‍ കത്തി. സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതാണ് ദിലീപിനെ ആപത്തില്‍ പെടുത്തിയത്. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ ഇദ്ദേഹം പുറത്തിറങ്ങും മുമ്പു കാര്‍ കത്തുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പോലീസ് സംശയിക്കുന്നു. കൊച്ചിയില്‍ സഹോദരനെ കാണാന്‍ പുറപ്പെട്ട കാര്‍ കോയമ്പത്തൂര്‍ മധുക്കെരെ എല്‍ ആന്‍ഡ് ടി ജങ്ഷന് ടോള്‍ ബൂത്തിന് സമീപത്തുവെച്ച് ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.






