
ന്യൂഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. എഐഎഡിഎംകെ ഇരുവിഭാഗങ്ങളും തമ്മില്‍ ലയനത്തിന് തീരുമാനിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയില്‍ അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാജ്യസഭാംഗം വി.മൈത്രയന്, മുന്‍മന്ത്രി കെ.പി മുനുസാമി, മുന്‍ രാജ്യസഭാംഗം മനോജ് പാണ്ഡ്യന് എന്നിവരും പങ്കെടുത്തു.
കൂടിക്കാഴ്ച ഏറെ സൗഹാര്‍ദ്ദപരമായിരുന്നുവെന്നും സംസ്ഥാനത്തെ പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തുവെന്നും മൈത്രേയന് പിന്നീട് പറഞ്ഞു. നീറ്റ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വന്നു. എഐഎഡിഎംകെ ഇരുപക്ഷങ്ങളും തമ്മിലുള്ള ലയനമായിരുന്നു മുഖ്യ വിഷയമെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയെ കണ്ടിരുന്നു. ദിനകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ മറ്റൊരു വിഭാഗം കൂടി രൂപപ്പെടുന്ന സാഹചര്യത്തിലാണ് പനീര്‍ശെല്‍വം ഇന്ന് മോഡിയെ കണ്ടത്.
ഇരുവിഭാഗങ്ങളെയും യോജിപ്പിച്ച് എന്‍ഡിഎയില്‍ എത്തിക്കുന്നതിനുള്ള ശ്രമമാണ് മോഡി നടത്തുന്നത്.






