
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനു പിന്നിലെ നിയമലംഘനത്തെ സര്‍ക്കാര്‍ നിയമസഭയില്‍ ന്യായീകരിക്കുമ്പോള്‍ വേണ്ടത്ര അനുമതിയില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന മാധ്യമ വാര്‍ത്ത ശരിവച്ച് ഉദ്യോഗസ്ഥര്‍. അന്‍വറിന്റെ പാര്‍ക്കിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുത്തു. പാര്ക്കിന് നല്‍കിയിരുന്ന ലൈസന്‍സ് ബോര്‍ഡ് റദ്ദാക്കി. വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആദ്യം അനുമതി നല്‍കുന്നതിന് മുന്‍പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
അന്‍വറിന്റെ പാര്‍ക്ക് എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെയാണ് മലിനീകരണ ബോര്‍ഡിന്റെ നടപടി വന്നത്.
അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് മുന്‍പ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുവെന്നും അനധികൃതമായി ഭക്ഷണശാല പ്രവര്‍ത്തിപ്പിച്ചുവെന്നും മാലിന്യ സംരക്ഷണം ശരിയായ വിധത്തിലല്ലെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.






