കൊച്ചി: റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യുസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നിയമനടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ. കേസില്‍ ഒരു മാസത്തേക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഈ കേസില്‍ 306-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ആരാഞ്ഞു.
യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന നടപടികള്‍ സ്ഥാപനങ്ങളില്‍ സാധാരണ ഉണ്ടാകുന്നതല്ലേ എന്നും കോടതി ചോദിച്ചു. കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് പോലീസിന് കോടതി നോട്ടീസ് നല്കി. ഒരു മാസത്തിന് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എഡിറ്റര്‍ രാജീവ് ദേവരാജ്, സീനയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദിലീപ് കുമാര്‍, സീനിയര്‍ ന്യുസ് എഡിറ്റര്‍ ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ചുമതല തുമ്പ പോലീസിനാണ്. തൊഴില്‍ പീഡനവും ദളിത് പീഡനവും ആരോപിച്ചാണ് വനിതാ മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്.






