കൊച്ചി: നോട്ട് നിരോധനം അറിയാതിരുന്നതിനെ തുടര്‍ന്ന് പഴയ നോട്ടുകള്‍ മാറാന്‍ സാധിക്കാതിരുന്ന വൃദ്ധ മരിച്ചു. കൊച്ചി വരാപ്പുഴ സ്വദേശി സതീ ഭായി (76) ആണ് മരിച്ചത്. തന്റെ സമ്പാദ്യം കൂട്ടിവച്ച് സതി ഭായി സ്വരൂപിച്ച നാല് ലക്ഷം രൂപയാണ് പാഴായിപ്പോയത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകളിലായിരുന്നു അവരുടെ സമ്പാദ്യം. എന്നാല്‍ നോട്ട് നിരോധനം സതീ ഭായി അറിഞ്ഞിരുന്നില്ല. പഴയ നോട്ടുകള്‍ മാറാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സതീ ഇക്കാര്യം അറിഞ്ഞത്.
സതീ ഭായിയുടെ ദുരവസ്ഥ വാര്‍ത്ത ആയതോടെ അവരെ സഹായിക്കാന്‍ പഞ്ചായത്ത് അധികൃതരും പോലീസും ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയിച്ചില്ല.നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സതീ ഭായിയെ സഹായിക്കുന്നതിന് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. തുടര്‍ന്ന് അവരുമായി എല്ലാ രേഖകളും സഹിതം ചെന്നൈയ്ക്ക് പോയിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിച്ചില്ല. സമയപരിധി കഴിഞ്ഞതിനാല്‍ നോട്ട് മാറുന്നതിന് ധന മന്ത്രാലത്തിന്റെ അനുമതി വേണമായിരുന്നു.
ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമീപിച്ചുവെങ്കിലും അനുമതി ലഭിച്ചില്ലെന്ന് സതീ ഭായിയുടെ വാര്‍ഡ് അംഗം പോളി ടിപി പറഞ്ഞു. വെറ്റിനറി വകുപ്പില്‍ ജീവനക്കാരിയായിരുന്ന സതീ ഭായി 20 വര്‍ഷം മുന്‍പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. ഇവര്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഹൃദ്രോഗവും വൃക്കരോഗവും അലട്ടിയിരുന്ന സതീ ഭായിയെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു കെയര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച പണമാണ് സതീ ഭായി സൂക്ഷിച്ച് വച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പഴയ ആയിരം രൂപാ നോട്ടുമായി പച്ചക്കറി വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴാണ് നോട്ട് നിരോധിച്ച വിവരം അവര്‍ അറിഞ്ഞത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സതീ ഭായിയുടെ മകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. പിന്നീട് ഒറ്റയ്ക്കായിരുന്നു അവരുടെ ജീവിതം.






