
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ അസ്സമിലെ ഒരു സ്കൂളില്‍ നടന്ന ആഘോഷപരിപാടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചതാണ്. ആ ചിത്രത്തിനു പിന്നിലെ കഥ ഒരു അധ്യാപകന് പറയുന്നു. ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട മിസനൂര്‍ റഹ്മാന് എന്ന അധ്യാപകനാണ് ആ ചിത്രത്തിന്റെ കഥ പറയുന്നത്.
കനത്ത മഴയേ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ സ്കൂളിന്റെ മുന്നില്‍ ദേശീയപതാക ഉയര്‍ത്തുകയും ദേശീയഗാനവും വന്ദേമാതരവും ആലപിക്കുകയും ചെയ്തഅധ്യാപകരുടേയും രണ്ട് കുട്ടികളുടെയും ചിത്രമാണ് നവമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചത്. ഫേസ്ബുക്കില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. വാട്സ്ആപിലൂടെ ഈ ചിത്രത്തിന് ലഭിച്ചത് എണ്ണമറ്റ പ്രചാരമാണ്.
ദുബ്രിയിലെ നഷ്കാര ലോവര്‍ പ്രൈമറി സ്കൂളിലാണ് ദേശീയവികാരം ഏറ്റവും തീവ്രമായി പ്രകടമാക്കുന്ന ആ രംഗം അരങ്ങേറിയത്. ദൃശ്യം അന്ന് വൈകിട്ടാണ് അസിസ്റ്റന്റ് അധ്യാപകനായ മിസനൂര്‍ റഹ്മാന് പോസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ പിന്നിലെ കഥ ഇങ്ങനെയാണ്:
സ്കൂള്‍ പ്രളയത്തില്‍ മുങ്ങിയെങ്കിലും സ്വാതന്ത്ര്യദിനാഘോഷം ഉപേക്ഷിക്കാന്‍ ദേശീയബോധമുള്ള സമൂഹത്തിന് കഴിഞ്ഞില്ല. പ്രധാന അധ്യാപകനും മറ്റൊരു അധ്യാപകനും രണ്ട് കൊച്ചുകുട്ടികളും ചേര്‍ന്ന് സ്കൂള്‍ മുറ്റത്തെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന കുട്ടികള്‍ പതാകയെ സല്യൂട്ട് ചെയ്തു. എല്ലാവരും ചേര്‍ന്ന് ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു. ഈ ചിത്രമാണ് പുറത്തുവന്നത്.
നീന്തല്‍ അറിയാവുന്ന രണ്ട് കുട്ടികളെ മാത്രമാണ് പതാക ഉയര്‍ത്താന്‍ ഒപ്പം നിര്‍ത്തിയതെന്നും മറ്റു കുട്ടികളും അധ്യാപകരും സ്കൂള്‍ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്ഥലത്തുനിന്ന് ചടങ്ങില്‍ പങ്കാളികളായി എന്നും മിസനൂര്‍ റഹ്മാന് പറയുന്നു. ഇവരില്‍ ഒരാളാണ് ഈ ചിത്രമെടുത്തത്. സ്കൂളില്‍ നടന്ന ചടങ്ങിന്റെ ദൃശ്യം വിദ്യാഭ്യാസ ഓഫീസില്‍ നല്‍കാനായിരുന്നു ചിത്രമെടുത്തത്.
'പ്രളയം വന്ന് മൂടുമ്പോഴും യഥാര്‍ത്ഥ ദേശസ്നേഹം പ്രകടിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നു. സമര്‍പ്പണത്തിന്റെയും രാജ്യസ്നേഹത്തിന്റെയും യഥാര്‍ത്ഥ പ്രതിഫലനമാണ് ഈ സംഭവം. ചടങ്ങില്‍ പങ്കെടുത്ത പ്രദേശവാസികളോട് നന്ദിയുണ്ടെന്നും' മിസനൂര്‍ റഹ്മാന് പിന്നീട് പ്രതികരിച്ചു.





