
ലഖ്നൗ: ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കുരുന്നുകളുടെ കൂട്ടക്കുരുതി നടന്ന ഗോരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയുടെ അവസ്ഥ മറ്റു മെഡിക്കല്‍ കോളജുകള്‍ക്കും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബന്ദേല്ഖന്ദ് മേഖലയിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളജിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. 700 ബെഡുകളുള്ള ഈ ആശുപത്രി ഓക്സിജന്‍ വാങ്ങിയ വകയില്‍ ഗൗരി ഗ്യാസ് എന്ന കമ്പനിക്ക് നല്‍കാനുള്ള 36 ലക്ഷം രൂപ. 2016 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കുടിശികയാണിത്.
ഗോരഖ്പൂര്‍ സംഭവത്തോടെ സര്‍ക്കാര്‍ ഇടപെട്ടതോടെ ഈ മാസം 14ന് കരാറുകാരന് നല്‍കാനുള്ള കുടിശിക നല്കി മഹാറാണി ആശുപത്രി തലയൂരി. എന്നാല്‍ കമ്പനിയുമായുള്ള കരാര്‍ പുതുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാര്‍ച്ചില്‍ കരാര്‍ അവസാനിച്ചുവെങ്കിലും പുതിയ ടെണ്ടര്‍ വിളിച്ച് കരാര്‍ കൊടുക്കുന്നതിനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടുമില്ല. എന്നാല്‍ പഴയ കരാറുകാരന് ഇപ്പോഴും ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചുനല്‍കുന്നുണ്ട്.
ഗൗരി ഗ്യാസ് എന്ന ഏജന്‍സി മാത്രമാണ് ഇവിടെ ഓക്സിജന്‍ വിതരണം ചെയ്യുന്നത്. കരാര്‍ കാലാവധി കഴിഞ്ഞുവെന്ന് കാണിച്ച് അവര്‍ വിതരണം നിര്‍ത്തിയാലും ആശുപത്രി അധികൃതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രതിദിനം 120 മുതല്‍ 150 വരെ സിലിണ്ടര്‍ ഓക്സിജന്‍ ഇവിടെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആശുപത്രിയുടെ പക്കലുള്ള കരുതല്‍ ശേഖരം വളരെ കുറവുമാണ്. അടുത്ത എട്ട്-പത്ത് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് ഇവിടെ സൂക്ഷിക്കുന്നത്. പുതിയ സ്റ്റോക്ക് എത്താന്‍ വൈകിയാല്‍ എല്ലാം അവതാളത്തിലാകുമെന്ന് ആശുപത്രിയിലെ ഒരു മുന്‍ ഡോക്ടര്‍ പറയുന്നു.
എന്നാല്‍ ഗോരഖ്പൂര്‍ ആശുപത്രിയില്‍ നേരിട്ടപോലെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ എന്‍.എസ് സെന്‍ഗര്‍ പറയുന്നു. എന്നാല്‍ ഗോരഖ്പൂര്‍ സംഭവത്തിനു ശേഷം എന്ത് അടിയന്തര നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. ഉത്തര്‍പ്രദേശിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരും ചിലപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ളവരും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഫണ്ടിന്റെ അഭാവവും ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആശുപത്രിക്ക് സര്‍ക്കാര്‍ ആറു കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ലഭിച്ചതാകട്ടെ നാലു കോടിയും. ഈ തുക ഏറെയും മരുന്നിനും മറ്റുമായി ലെവഴിച്ചു. അവശേഷിക്കുന്ന രണ്ട് കോടി ചെലവഴിക്കാന്‍ ആശുപത്രിക്ക് കഴിഞ്ഞിട്ടുമില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യമില്ലായ്മയെ കുറിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വ്യാപകമായ പരാതിയാണുള്ളത്.






