
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കുമെതിരായി ഉയര്‍ന്ന ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ജില്ലാ കലക്ടര്‍മാരോട് വിശദമായ റിപ്പോര്‍ട്ട് തേടിയതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. ആലപ്പുഴ, കോഴിക്കോട് കലക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ മുന്വിധിയുണ്ടാവില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവമല്ല ഇത്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുവിട്ടതോടെ സര്‍ക്കാര്‍ അന്വേഷണം നടത്തുകയാണെന്നും മന്ത്രി പ്രതികരിച്ചു.
കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി വന്‍ തോതില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കാട്ടരുവിയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.






