
ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് കര്‍ണാടക ജയിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തെളിവ് പുറത്തുവിട്ട മുന്‍ ജയില്‍ ഡിഐജി ഡി.രൂപ സംഭവത്തില്‍ മറ്റൊരാളുടെ പങ്ക് കൂടി വെളിപ്പെടുത്തി. ബംഗലൂരുവില്‍ ഏറെ പ്രശസ്തനായ 'ഓസ്ട്രേലിയ പ്രകാശ്' എന്ന വി.എസ് പ്രകാശിനെ കുറിച്ചാണ് രൂപ അഴിമതി വിരുദ്ധ വിഭാഗം ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുള്ള ഓസ്ട്രേലിയ പ്രകാശ് ആണ് ശശികലയ്ക്ക് മല്ലികാര്‍ജുന്‍ എന്നയാളെ ജയിലില്‍ കാണുന്നതിന് അവസരം ഒരുക്കിയതെന്ന് രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയിലില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തുവിട്ട രൂപയെ പിന്നീട് ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ശശികല ഒരു പ്രത്യേക മുറിയില്‍ വച്ചാണ് തന്റെ സന്ദര്‍ശകരെ കണ്ടിരുന്നതെന്നും അവര്‍ക്ക് പ്രത്യേക പരിചരണം ലഭിച്ചിരുന്നുവെന്നും രൂപ ആരോപിച്ചിരുന്നു. അവിടെ സിസിടിവി ഉണ്ടായിരുന്നില്ല. കൂടിക്കാഴ്ച മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നുവെന്നും രൂപ പറഞ്ഞു. വി.എസ് പ്രകാശ് ആണ് ഈ കൂടിക്കാഴ്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും രൂപ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വി.എസ് പ്രകാശ് പല തവണ ജയിലില്‍ വന്നിട്ടുണ്ടെന്ന് ഒരു അജ്ഞാത പരാതി രൂപയ്ക്ക് ലഭിച്ചിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ ചിലപ്പോള്‍ ജയില്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒട്ടുമിക്ക സമയത്തും അവ രേഖപ്പെടുത്താറില്ലായിരുന്നുവെന്നും രൂപ പറയുന്നു.





