ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ എഴുപതിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും. ഡോക്ടര്‍മാര്‍ക്ക് പുറമെ ബിആര്‍ഡി മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് എതിരെയും ഓക്സിജന്‍ വിതരണ കമ്പനിക്കെതിരെയും കേസെടുക്കും. ചീഫ് സെക്രട്ടറി രാജീവ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അനിതാ ഭട്നാഗര്‍ ജെയ്നെ ട്രന്സ്ഫര് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജി ട്രെയ്നിംഗ് പോസ്റ്റിലേക്കാണ് ജെയ്നെ മാറ്റിയത്. റവന്യു വകുപ്പ് സെക്രട്ടറി രജ്നീഷ് ദുബൈയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല നല്കി. അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡിജി കെകെ ഗുപ്തയ്ക്കെതിരെ നടപടിയില്ല. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശുതോഷ് ടണ്ടനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
കുട്ടികളുടെ മരണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, ഓക്സിജന്‍ വിതരണ കമ്പനി എന്നിവര്‍ക്കെതിരെയും കേസെടുക്കും. അഴിമതി, അനാസ്ഥ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാകും ഇവര്‍ക്കെതിരെ കേസെടുക്കുക. എന്സഫെലിറ്റീസ് വാര്‍ഡിന്റെ മുന്‍ നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെതിരെയും നടപടി ഉണ്ടാകും. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപിച്ചാണ് കഫീല്‍ ഖാനെതിരായ നടപടി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് യുപി ചീഫ് സെക്രട്ടറി രാജീവ് കുമാര്‍, അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ക്കെതിരായ നടപടി. സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ടണ്ടന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ സന്ദര്‍ശിക്കണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.






