
കൊച്ചി: പ്രവാസജീവിതത്തിന്റെ പണവും അന്തസ്സും സ്വപ്നം കാണുന്ന ഇന്ത്യാക്കാരന്റെ സ്വപ്നഭൂമിയായ ഗള്‍ഫിലേക്ക് നഴ്സുമാര്‍ക്കും പ്ളമ്പര്മാര്ക്കും ഇലക്ട്രീഷ്യന്മാര്ക്കും പിന്നാലെ ജ്യോത്സ്യന്മാര്ക്കും സമയം തെളിയുന്നു. യുഎഇയിലെ പ്രമുഖ ജന്മനക്ഷത്ര കല്ല് വില്‍പ്പനക്കാരായ പ്രമുഖരാണ് മിടുക്കന്മാരായ ജ്യോതിഷികളെ തേടുന്നത്. ഇംഗ്ളീഷോ ഹിന്ദിയോ വശമുള്ള ഭാരതീയ ജ്യോതിഷത്തില്‍ നല്ല പിടിയുള്ള പത്ത് കേരളീയ ജോത്സ്യന്മാര്ക്ക് വേണ്ടിയുള്ള പരസ്യം ഒരു പ്രാദേശിക പത്രത്തില്‍ അടുത്തിടെയാണ് പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്ക് വേണ്ടിയുള്ള അഭിമുഖം ഈ മാസം അവസാനം നടക്കുകയും ചെയ്തു.
രാവിലെ പത്തു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ നില്ക്കുന്ന നീണ്ട പല ഷിഫ്റ്റിലായി ജോലി ചെയ്യേണ്ടതുണ്ട്. ഷിഫ്റ്റിനിടയില്‍ രണ്ടു മണിക്കൂര്‍ വീതം ബ്രേക്കും കിട്ടും. ഇതിനിടയില്‍ ഓരോ കല്ലുകളുമായി ബന്ധപ്പെട്ടുള്ള ഭാഗ്യനിര്ഭാഗങ്ങളെക്കുറിച്ച് ഇടപാടുകാര്‍ക്ക് നീണ്ട വിവരണം നല്‍കുന്നതാണ് പണി. ഇതിനു കിട്ടുന്ന പ്രതിഫലമാണ് ഞെട്ടിക്കുന്നത്. മാസം 50,000 രൂപ. പിന്നീട് ഇടപാടുകാരെ കൈകാര്യം ചെയ്യാനുള്ള മികവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം കൂടിക്കൂടി വരും. അതായത് പ്രകടനം മെച്ചപ്പെടുന്തോറും അക്കൗണ്ടിന് കനം വെച്ചു വരുമെന്ന് സാരം. ആദ്യ രണ്ടു മാസത്തേക്ക് ചെലവ് കമ്പനി തന്നെ വഹിക്കും. എന്നാല്‍ അതിന് ശേഷം സ്വന്തം സ്ഥലം കണ്ടു പിടിക്കേണ്ടി വരും.
തങ്ങളുടെ ഇടപാടുകാരില്‍ വിദേശ ഇന്ത്യാക്കാര്‍ക്കൊപ്പം വിദേശികളും ഉണ്ടെന്നാണ് സ്ഥാപനങ്ങളില്‍ ഒന്ന് പറഞ്ഞത്. ഇതിനായി ജ്യോതിഷികള്‍ ഹിന്ദി അറിയാമെങ്കില്‍ അറബി പഠിക്കേണ്ടതില്ലെന്നും ഇംഗ്ളീഷ് കൂടുതല്‍ അഭികാമ്യമാണെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യയിലും പല ജ്വല്ലറികളും ജന്മനക്ഷത്ര കല്ലുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. കല്ല് വാങ്ങാന്‍ ഇന്ത്യയിലും പലരും ജ്യോത്സ്യന്മാരുടെ ഉപദേശങ്ങള്‍ തേടാറുണ്ട്. ദക്ഷിണ രീതിയിലാണ് ഇതിന് കേരളത്തില്‍ പ്രതിഫലം സ്വീകരിക്കുന്നത്. അതാകട്ടെ ഇടപാടുകാരുടെ സാമ്പത്തിക ശേഷി അനുസരിച്ച് കേറിയും ഇറങ്ങിയും വരും. സാമ്പത്തീക പ്രതിസന്ധി പോലുള്ളവ പ്രശ്ന പരിഹാരം തേടി തൊഴിലാളികള്‍ മുതല്‍ ഹൃദ്രോഗ വിദഗ്ദ്ധര്‍ വരെ ഉപദേശം തേടാറുണ്ടെന്ന് ഇവര്‍ പറയുന്നു.






