
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ഇന്ന് വിധി നേരിടുന്ന പ്രമുഖ ആള്‍ദൈവം രാം റഹീമിന് പഞ്ചകുലയിലേക്ക് അകമ്പടി പോകുന്നത് 100 കാറുകള്‍. ഹരിയാനയിലെ സിര്‍സയിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും വിധി പുറപ്പെടുവിക്കുന്ന കോടതിയിലേക്ക് ലക്ഷക്കണക്കിന് അനുയായികളാണ് എത്തിയിരിക്കുന്നത്. വിധി പ്രസ്താവ്യം നടക്കാനിരിക്കെ പഞ്ചാബിലും ഹരിയാനയിലും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചകുലയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള സിര്‍സ സമ്മര്‍ദ്ദത്തിലാണ്. ഇവിടേയ്ക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ടു തന്നെ എത്തിയത് അഞ്ചു ലക്ഷം പേരായിരുന്നു. അനേകം അനുയായികള്‍ പഞ്ചകുലയിലേക്ക് റാം റഹീമിന്റെ കാറിനെ അനുധാവനം ചെയ്യാനിരിക്കുകയാണ്. ചണ്ഡീഗഡില്‍ നിന്നും വെറും 11 കിലോമീറ്റര്‍ അകലെയുള്ള പഞ്ചകുലയില്‍ ഒരു ലക്ഷത്തില്‍ പരം അനുയായികളാണ് ക്യാമ്പ് ചെയ്യുന്നത്. ഇവിടെ കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി. സ്ഥിതിഗതികള്‍ ഡല്‍ഹിയിലിരുന്ന് നിരീക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചകുലയില്‍ നിന്നും മടങ്ങാനുള്ള ആഹ്വാനം കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയും ആരാധകര്‍ തള്ളിയിരുന്നു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ആയിരങ്ങളാണ് തമ്പടിച്ചിരിക്കുന്നത്. അതേസമയം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പഞ്ചാബില്‍ എല്ലാ വാഹനവും കയറ്റിവിടില്ലെന്നും പഞ്ചാബ് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 2.30 യോടെ വിധി പ്രസ്താവിച്ചേക്കും. കോടതിയുടെ രണ്ടു കിലോമീറ്റര്‍ അകലെ വഴിയരികില്‍ പോലും നൂറു കണക്കിന് പേരാണ് ഇരിക്കുന്നത്. ആള്‍ക്കാരെ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ വ്യാഴാഴ്ച ഹരിയാന സര്‍ക്കാരിനോട് ആശങ്ക അറിയിച്ചിരുന്നു. എങ്ങിനെയാണ് ജനക്കൂട്ടത്തെ തടയുന്നതെന്നതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചകുലയിലെ നാട്ടുകാരും ഭീതിയിലാണ്. തെരുവും പാര്‍ക്കുകളും ഉള്‍പ്പെടെ തുറന്ന പ്രദേശങ്ങളിലെല്ലാം ജനക്കൂട്ടമാണ്. വിധി എതിരായാല്‍ ഉണ്ടായേക്കാവുന്ന അക്രമം ഭയന്ന് കടകളും മറ്റും അടച്ചിട്ടു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പുറമേ സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടു. പഞ്ചകുല വഴി പോകുന്ന 27 ട്രെയിനുകളും താല്‍ക്കാലികമായി യാത്ര ഒഴിവാക്കിയിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും മൂന്ന് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങള്‍ക്ക് മുന്‍കരുതലായി കേന്ദ്രവും അതീവ ജാഗ്രതയിലാണ് കാര്യങ്ങളെ കാണുന്നത്. 15,000 അര്‍ദ്ധസൈനിക വിഭാഗത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൂടുതല്‍ സൈനികരെ ഇവിടേയ്ക്ക് നിയോഗിക്കുകയായിരുന്നു. ഹരിയാനയില്‍ മൊബൈ ഇന്റര്‍നെറ്റ് സംവിധാനമെല്ലാം മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഗുര്‍ഗോണിലെ വമ്പന്‍ ഓഫീസുകള്‍ അടച്ചിടുകയില്ലെന്ന് അറിയിച്ചിട്ടുണ്ട്്.






