
ചണ്ഡിഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനായ കണ്ടെത്തിയതോടെ ഹരിയാനയിലും പഞ്ചാബിലും പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനായി അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നുവെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ക്രമസമാധാന പ്രശ്നം സസൂക്ഷ്മം നിരീക്ഷിച്ച ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.
രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി അക്രമങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന ഗുരുതരമായ നിരീക്ഷണമാണ് കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിനെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമല്ലാതിരിക്കുന്നത്. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയോ എന്നും കോടതി ആരാഞ്ഞു. നാടു കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നോക്കിനിന്നു. അക്രമകാരികള്ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നു തോന്നുന്നു. അക്രമികള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയെന്നുമാണ് കരുതുന്നതെന്ന നിരീക്ഷണവും ഉയര്‍ന്നു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയ്ക്കായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുറവിളി കൂട്ടുകയും പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയതിനും പിന്നാലെയാണ് ഖട്ടാറിനെതിരെ കോടതിയും വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ഖട്ടാറിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞുവെന്നാണ് സൂചന.
അതിനിടെ, ദേര സച്ച സൗദ അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സ, പഞ്ച്കുല എന്നിവിടങ്ങളിലേക്ക് പോലീസും സൈന്യവും ദ്രുതകര്‍മ്മ സേനയും കൂടുതലായി എത്തുകയാണ്. പ്രദേശത്തുനിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഉച്ചഭാഷിണികളിലൂടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഇവര്‍ക്ക് പോകുന്നതിനായി അധികൃതര്‍ നിരവധി ബസുകളും എത്തിച്ചിട്ടുണ്ട്. ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്തവരെ ബലപ്രയോഗത്തിലൂടെ നീക്കാനാണ് തീരുമാനം.
ഗുര്‍മീതിനെതിരായ വിധി ഇന്നലെ ഉച്ചകഴിഞ്ഞ വന്നതോടെ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇതിനകം 31 പേരാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ അടക്കം 250 പേര്‍ക്ക് പരുക്കേറ്റു. ആയിരത്തിലേറെ പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടവിലാക്കി. സംഘര്‍ഷത്തില്‍ മാധ്യമങ്ങളുടേയും സേനയുടെയുമടക്കം നിരവധി വാഹനങ്ങളാണ് കത്തിനശിച്ചത്. ട്രെയിനുകളും പെട്രോള്‍ പമ്പുകളുമടക്കം കത്തി. കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചിരിക്കുന്നത്.






