
ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ഒരു ചിത്രം പുറത്തുവന്നിട്ട് നാല് വര്‍ഷമാകുന്നു. ആര്യയും അനുഷ്ക ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഇരണ്ടാം ഉലക'മാണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തുവന്ന ചിത്രം. എസ്.ജെ.സൂര്യയും റെജിന കസാന്ത്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നെഞ്ചം മറപ്പതില്ലൈ'യുടെ ട്രെയ്ലര് പുറത്തുവന്നിട്ട് ഒരു വര്‍ഷമായെങ്കിലും ചിത്രം ഇനിയും തീയേറ്ററുകളിലെത്തിയിട്ടില്ല. അടുത്ത മാസം മധ്യത്തോടെ റിലീസ് ചെയ്യപ്പെടുമെന്ന് കരുതുന്നു. തന്റെ ഡ്രീം പ്രോജക്ടിനെക്കുറിച്ചും മലയാളത്തിലെയും തമിഴിലെയും പ്രിയതാരങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് ശെല്വരാഘവന് ആരാധകര്‍ക്കൊപ്പം നടത്തിയ ഒരു ട്വിറ്റര്‍ സംവാദത്തില്‍.
മലയാളത്തിലെ പ്രിയനടന് ആരെന്ന ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ എന്നാണ് ശെല്‍വരാഘവന്റെ മറുപടി. തമിഴിലെ പ്രിയനടന് കമല്‍ഹാസനാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടി പറയുന്നു സംവിധായകന്. പക്ഷേ തന്റെ സ്വപ്ന പ്രോജക്ടില്‍ നായകനായി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് മറ്റൊരാളെയാണെന്നും പറയുന്നു ശെല്വരാഘവന്. അതും മലയാളത്തില്‍ നിന്ന്. നിവിന്‍ പോളിയെയാണ് ആ സ്വപ്ന പ്രോജക്ടില്‍ അഭിനയിപ്പിക്കാന്‍ തനിക്കാഗ്രഹമെന്നാണ് അദ്ദേഹം പറയുന്നത്.
നേരത്തേ അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമം' തമിഴ്നാട്ടിലും തരംഗം തീര്‍ക്കുന്ന സമയത്ത് സിനിമയെയും നിവിന്‍ പോളിയുടെ പ്രകടനത്തെയും പുകഴ്ത്തി ശെല്വരാഘവന് രംഗത്തെത്തിയിരുന്നു. ചിത്രം റീമേക്ക് ചെയ്യുകയാണെങ്കില്‍ ഒറിജിനലിനോട് നീതി പുലര്‍ത്താന്‍ അല്ഫോന്സിന് മാത്രമേ സാധിക്കൂ എന്നും മറ്റാരും അതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹമന്ന് അഭിപ്രായപ്പെട്ടിരുന്നു. നിവിന്‍ പോളിയുടെ പ്രകടനം അമ്പരപ്പിക്കുന്നതാണെന്നും ജോര്‍ജ്ജ് ആയി മറ്റൊരാളെ സങ്കല്പ്പിക്കാനാകുന്നില്ലെന്നും അന്ന് ശെല്വരാഘവന് ട്വിറ്ററില്‍ കുറിച്ചിരുന്നു.






