ന്യുഡല്‍ഹി: മാരിറ്റല്‍ റേപ്പ് (വൈവാഹിക ബലാത്സംഗം) കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വൈവാഹിക ബന്ധത്തിലെ നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ കുറഞ്ഞ സാക്ഷരതാ നിരക്ക്, സ്ത്രീകളുടെ സാമ്പത്തിക അസ്ഥിരത, സമൂഹത്തിന്റെ മാനസികാവസ്ഥ, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കൂടാതെ പാശ്ചാത്യ സംസ്കാരത്തെ കണ്ണടച്ച് പിന്തുടരാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിന് മുമ്പ്, എന്താണ് വൈാവഹിക ബലാത്സംഗം എന്ന് കൃത്യമായ നിര്‍വചനം കൊണ്ടു വരേണ്ടതുണ്ട്. എല്ലാ ലൈംഗിക ബന്ധങ്ങളും മാരിറ്റല്‍ റേപ്പായി പരിഗണിക്കേണ്ടി വന്നാല്‍ ഭാര്യയുടെ ഭാഗം മാത്രം കേട്ട് വിധി പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
മാരിറ്റല്‍ റേപ്പിന്റെ പേരില്‍ കേസ് എടുക്കുന്ന സാഹചര്യത്തില്‍ എന്ത് തെളിവായി സ്വീകരിക്കുമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കിയാല്‍ അത് വിവാഹമെന്ന ആചാരത്തെ അസ്ഥിരപ്പെടുത്തുന്ന വിധമാകരുതെന്നും കേന്ദ്രം വ്യക്തമാക്കി. മാരിറ്റല്‍ റേപ്പ് കുറ്റകരമാക്കണമെന്ന വനിതാ സംഘടനകളുടെ ആവശ്യത്തെ എതിര്‍ത്ത് പുരുഷ എന്‍ജിഒ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലാണ് ഹര്‍ജി പരിഗണിക്കുന്നത്.






