
മിന: വിശുദ്ധ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാസംഗമം ഇന്ന്. ലോകത്തെ 20 ലക്ഷത്തിലധികം വിശ്വാസികള്‍ അല്ലാഹുവിന്റെ അതിഥികളായി ജബലുറഹ്മയുടെ താഴ്വാരത്ത് സംഗമിക്കും. ദേശവും ഭാഷയും വര്‍ണവും മറന്ന് മാനവകുലം ഒന്നാകുന്ന അപൂര്‍വ കാഴ്ചയുടെ ചരിത്രം ഒരിക്കല്‍കൂടി അറഫയില്‍ അരങ്ങേറും.
ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയിലൊന്നായിച്ചേരും. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ കഴിഞ്ഞ് പിറ്റേന്ന് മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങളുടെ നേര്‍ക്ക് ജംറയില്‍ കല്ലേറുകര്മ്മത്തിനുള്ള ഒരുക്കമായിരുന്നു ഹാജിമാരുടെ മിനായിലെ താമസം.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സുഗമമായി ഹജ് നിര്‍വഹിക്കുന്നതിനു ഇന്ത്യന്‍ ഹജ് മിഷന്റെ നേതൃത്വത്തില്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിനായില്‍ കിംഗ് അബുല്‍ അസീസ് പാലത്തിന് സമീപമാണ്ഇന്ത്യന് ഹാജിമാരുടെ താമസ കേന്ദ്രങ്ങള്‍ .ജംറ സമുച്ചയത്തിന് സമീപമാണിത് .അതിനാല്‍ കല്ലേറ് കര്‍മ്മത്തിനായി അധികം നടക്കേണ്ടതില്ല .
ഇന്ത്യയില്‍ നിന്നും ഇത്തവണ 1,70,000 തീര്‍ഥാടകര്‍ക്കാണ് ഹജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ചത് .ഇതില്‍ 45,000 പേര് സ്വാകാര്യ ഗ്രുപ്പുകള്‍ക്ക് കീഴിലാണ് എത്തിയത്
ഹജ് കമ്മറ്റി വഴി 1,25,025 പേരാണ് ബുക്ക് ചെയ്തിരുന്നത് .ഇതില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം എത്താന്‍ കഴിയാതിരുന്ന ഏതാനും പേര് ഒഴികെ ബാക്കിയെല്ലാവരും പുണ്യഭൂമിയില്‍ എത്തി .ലക്ഷദീപ് ,മാഹി എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുള്‍പ്പെടെ ഹജ് കമ്മറ്റി വഴി 11,807 പേരും സ്വകാര്യ ഗ്രുപ്പുകള്‍ വഴി പതിനായിരത്തിലേറെ തീര്‍ഥാടകരും എത്തിയിട്ടുണ്ട്.
ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന ദിനങ്ങളില്‍ 45 ഡിഗ്രി വരെ ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. ചൂടുമൂലമുണ്ടാവുന്ന അടിയന്തരസാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച ആതുര സേവന വിഭാഗവും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വന്‍ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.






