കോഴിക്കോട്: കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്കെന്ന് സൂചന. ഇടതുമുന്നണി പ്രവേശനം ലക്ഷ്യമിട്ട് എംപി വീരേന്ദ്രകുമാര്‍ നീക്കം തുടങ്ങി. മുന്നണി പ്രവേശനത്തിന് സന്നദ്ധത അറിയിച്ച് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വീരേന്ദ്രകുമാര്‍ കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ ശരത് യാദവിനൊപ്പമാണ് കേരളാ ഘടകത്തിലെ ഭൂരിപക്ഷം പേരും. എന്നാല്‍ ശരത് യാദവിനൊപ്പമില്ലെന്നാണ് വീരേന്ദ്ര കുമാറിന്റെ നിലപാട്.
കേരള ഘടകത്തിലെ വര്‍ഗീസ് ജോര്‍ജ്, കെ.പി മോഹനന്, ഷെയ്ഖ് പി ഹാരിസ് തുടങ്ങിയവര്‍ ശരത് യാദവിനൊപ്പമാണ്. മാതൃസംഘടനയായ ജെഡിഎസുമായി ലയിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കിടെ ഭാവി തീരുമാനിക്കുന്നതിനായി ചേര്‍ന്ന ജെഡിയു ഉപസമിതി യോഗത്തിലാണ് ഭിന്നത രൂക്ഷമായത്. ശരത് യാദവിനൊപ്പം കേരളത്തില്‍ പ്രത്യേക ഘടകമായി നില്‍ക്കണമെന്നാണ് വര്‍ഗീസ് ജോര്‍ജ് അടക്കമുള്ളവരുടെ നിലപാട്.
എന്നാല്‍ തങ്ങള്‍ ശരത് യാദവിനൊപ്പമില്ലെന്ന് വീരേന്ദ്ര കുമാറും മകന് ശ്രേയാംസ് കുമാറും നിലപാട് എടുത്തു. ഇതേതുടര്‍ന്ന് ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു അഞ്ചംഗ ഉപസമിതി തീരുമാനം എടുക്കാതെ പിരിഞ്ഞു.






