
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെയും പേരിലുള്ള ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ദക്ഷിണ ഡല്‍ഹി ബിജ്വാസന് മേഖലയിലെ പാം ഫാംസ് ആണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ് നടപടി.
മിസ് മിഷെല്‍ പാക്കേഴ്സ് ആന്റ് പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതിലുള്ളതാണ് ഫാംഹൗസ്. 1.2 കോടി രൂപ മുടക്കി 2008-09 കാലയളവില്‍ വാങ്ങിയ ഈ ഫാമിന്റെ പിന്നിലുള്ള സാമ്പത്തിക സ്രോതസ്സ് കള്ളപ്പണം ആണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കടലാസ് കമ്പനികളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് എന്‍ഫോഴ്മെന്റിന്റെ കണ്ടെത്തല്‍. മിസയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു.






