ചെന്നൈ: വിമത ഭീഷണി മറികടന്ന് കൂടുതല്‍ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പളനിസ്വാമി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ 111 പേര് പങ്കെടുത്തു. ദിനകരന് പക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ നീക്കം. പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ എംഎല്‍എമാര്‍ പളനിസ്വാമിയുടെ പക്ഷത്തേക്ക് വന്നത് ശ്രദ്ധേയമാണ്.
111 എംഎല്‍എമാര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തതായി എഐഎഡിഎംകെ നേതാവ് ഡി. ജയകുമാറാണ് അറിയിച്ചത്. 234 അംഗ തമിഴ്നാട് നിയമസഭയില്‍ 134 എംഎല്‍എമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിര്‍ത്താന്‍ പളനിസ്വാമിക്ക് 117 എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ മാസം 28ന് അണ്ണാ ഡിഎംകെ യോഗത്തില്‍ 75 എംഎല്‍എമാരാണ് പങ്കെടുത്തത്. ഇന്നത്തെ യോഗത്തില്‍ 111 എംഎല്‍എമാരെ പങ്കെടുപ്പിക്കാനായത് പളനിസ്വാമിക്ക് നേട്ടമാണ്.
അതിനിടെ ദിനകരന് പക്ഷത്ത് നിന്ന് ഒന്‍പത് എംഎല്‍എമാര്‍ കൂടി പളനിസ്വാമി പക്ഷത്തേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ പളനിസ്വാമിയെ ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചതായും എഐഎഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി പളനിസ്വാമിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി, എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്.






