
പത്തനംതിട്ട: ഓണനാളുകളില്‍ മഹാബലിയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അസുരരാജാവായ മഹാബലിയെ ബ്രാഹ്മണനായ വാമനന് ചവിട്ടി താഴ്ത്തി അധികാരത്തില്‍നിന്നു പുറത്താക്കുകയായിരുന്നെന്നും ഓണം ബ്രാഹ്മണമേധാവിത്വത്തിന്റെ മഹോത്സവമാണെന്നും പ്രചരിപ്പിച്ച് നാട്ടില്‍ ഭിന്നത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതിനു പിന്നില്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രശ്നത്തില്‍ ആദിവാസി-ദളിത് സംഘടനകള്‍ താല്പര്യം കാട്ടാതിരുന്നത് തീവ്രവാദ സംഘടനകള്‍ക്കു തിരിച്ചടിയായി.
കഴിഞ്ഞ വര്‍ഷം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കേരളത്തില്‍ പ്രചരിക്കുന്ന മഹാബലിയുടെ ഐതിഹ്യത്തെ പരാമര്‍ശിച്ചുകൊണ്ട് വാമനജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് ആദ്യം പറഞ്ഞത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ദ്രാവിഡ വംശത്തിന്റെ പ്രതീകമായി മഹാബലിയെ ചിത്രീകരിക്കാന്‍ വരെ അമിത് ഷായുടെ പരാമര്‍ശം വഴിയൊരുക്കി. ഇതിന്റെ ചുവടുപിടിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല അടക്കമുള്ള ചില സംഘപരിവാര്‍ നേതാക്കന്മാര് ഉയര്‍ത്തിയ വിമര്‍ശനവും വിവാദമായി. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നതിന് തെളിവില്ലെന്നും സദ്ഭരണത്തിന്റെ പേരില്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ മഹാബലി നടത്തിയ ശ്രമത്തെ സാമ്രാജ്യത്വവാദത്തോടു മാത്രമെ ഉപമിക്കാന്‍ കഴിയുകയുള്ളൂ എന്നുമായിരുന്നു ശശികലയുടെ വാദം.
മഹാബലിയെ മുന്‍നിര്‍ത്തി ആര്യദ്രാവിഡ വാദം ഉന്നയിച്ച് ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ചില മുസ്ലിം അനുകൂല തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. ഇക്കുറി ഓണത്തിനു മുന്നോടിയായി ചില മാധ്യമളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതിനു പിന്നിലും തീവ്രവാദ സംഘടനകളുടെ പങ്കുള്ളതായി സംശയിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ബി.ജെ.പി നേതാക്കളും ഹിന്ദു ആചാര്യന്മാരും പങ്കെടുത്ത വാര്‍ത്താസമ്മേളനങ്ങളില്‍ മഹാബലിയുടെ ഐതിഹ്യം ചര്‍ച്ചയാക്കി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇതു വിഷയമായി. എന്നാല്‍, മഹാ തേജസ്വിയായിരുന്ന മഹാബലിയെ ചിലര്‍ വികൃതമായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനം മാത്രമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇതിന്റെയെല്ലാം പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.






