
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സൊളാര്‍ സ്റ്റീഫന്‍സിന്. ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയത്.
സീഡില്ലാതെ എത്തിയ സൊളാന് സ്റ്റീഫന്‍സിന്റെ ആദ്യ ഗ്രാന്സ്ലാം കിരീടമാണ്. ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫന്‍സ് ആദ്യ ഗ്രാന്റ്സ്ലാം കിരീടം ചൂടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 6-3, 6-0.
2002ല്‍ സെറീന വില്യംസും വീനസ് വില്യംസും ഫൈനല്‍ പോരാട്ടത്തിനുശേഷം ഇതാദ്യമായാണ് അമേരിക്കക്കാര്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. സ്റ്റീഫന്‍സിന്റെയും കീസിന്റെയും ആദ്യ ഗ്രാന്സ്ലാം ഫൈനലായിരുന്നു ഇത്. ഇതുള്‍പ്പെടെ ഏറെ പ്രത്യേകതകള്‍ ഈ ഫൈനലിനുണ്ടായിരുന്നു.
സീഡില്ലാതെ ഗ്രാന്സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരമാണ് സ്റ്റീഫന്‍. ഇതിനു മുമ്പ് 2009 ല്‍ കിം ക്ലൈസ്റ്റേഴ്സാണ് സീഡ് ചെയ്യാപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്.
ഇടതു കാല്‍പ്പാദത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് 11 മാസം ടെന്നീസില്‍നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ജൂലൈയിലാണ് കളിയിലേക്കു തിരിച്ചെത്തിയത്. സീഡ് ചെയ്യപ്പെടാത്ത സ്റ്റീഫന്‍സ് സെമി ഫൈനലില്‍ ഏഴു ഗ്രാന്സ്ലാം നേടിയ വീനസ് വില്യംസിനെ 6-1, 0-6, 7-5ന് തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് കുതിച്ചത്. ജൂലൈയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റീഫന്‍സ് 957-ാം റാങ്കിലായിരുന്നു. 16 മത്സരങ്ങളില്‍ പതിനാലിലും ജയിക്കുകയും. കനേഡിയന്‍ ഓപ്പണിലും സിന്‍സിനാറ്റി മാസ്റ്റേഴ്സിലും ഫൈനലിലെത്തുകയും ചെയ്തതോടെ സ്റ്റീഫന്‍സ് 83-ാം റാങ്കിലേക്ക് ഉയര്‍ന്നിരുന്നു.






