
വാഷിങ്ടണ്‍ : കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് യു.എസ് തീരത്തെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി പ്രവാസി സുഹൃത്തുക്കള്‍ രംഗത്ത്. ഒട്ടേറെ മലയാളികളുള്ള മയാമി ഉള്‍പ്പെടുന്ന ദക്ഷിണ ഫ്ളോറിഡയെ ഇര്‍മ അത്ര ഗുരുതരമായി ബവധിച്ചിട്ടില്ലെന്നാണ് പ്രവാസി മലയാളികള്‍ നല്കുന്ന പ്രതികരണം. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടമാണ് ഫ്ളോറിഡ. എന്നാല്‍, റിപ്പോര്‍ട്ടുകളില്‍ പറയുന്ന അത്ര ഭീകരമല്ല ഇവിടുത്തെ സ്ഥിതി എന്ന സൂചനകളാണ് പ്രവാസികള്‍ നല്‍കുന്നത്. ദക്ഷിണ ഫ്ളോറിഡയില്‍ തന്നെ ആയിരക്കണക്കിന് മലയാളികള്‍ ഉള്ളതില്‍ ഏറെയും നഴ്സുമാരാണ്.
ഇര്‍മയുടെ വരവ് ഫ്ളോറിഡ ലക്ഷ്യമാക്കിയാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ എങ്കിലും കാറ്റിന്റെ ഗതി മാറുന്നതായാണ് ഏറ്റവും പുതിയ വിവരമെന്ന് ഇവര്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ദക്ഷിണ ഫ്ളോറിഡ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ ഇര്‍മ സാരമായി ബാധിക്കില്ലെന്നാണ് കരുതുന്നതെന്നും പ്രവാസികള്‍ പറഞ്ഞു.
ഇതിനിടെ, ഇര്‍മ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കരീബിയന്‍ ദ്വീപ് സമൂഹമായ സെന്റ് മാര്‍ട്ടിനില്‍ നിന്നും അറുപതോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.എ റിപ്പോര്‍ട്ടു ചെയ്തു.






