വിയ്യൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയില്‍ മാറ്റം ആവശ്യപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചത് തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന്. എന്നാല്‍ സുനിയുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് പോലീസ് ഇയാളെ മാറ്റിയത് ജില്ലാ ജയിലിലേക്ക്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ഥലപരിമിതി മൂലമാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
സുനിക്ക് വേണ്ടപ്പെട്ട പലരും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടെന്നാണ് സൂചന. ഇതാണ് ഇയാള്‍ അങ്ങോട്ടേയ്ക്ക് മാറ്റത്തിന് ശ്രമിച്ചത്. എന്നാല്‍ പോലീസ് നീക്കം എല്ലാം തകിടം മറിച്ചു. ഒരു പരിചയക്കാരന് പോലും ഇല്ലാത്ത ജില്ലാ ജയിലിലാണ് സുനി ഇപ്പോള്‍. ഇതോടെ വീണ്ടും ജയില്‍ മാറ്റത്തിന് അപേക്ഷിച്ചിരിക്കുകയാണ് പള്‍സര്‍ സുനി.
കഴിഞ്ഞ ദിവസം എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് വേണ്ടത്ര ചികിത്സ കിട്ടുന്നില്ലെന്ന് സുനി പരാതിപ്പെട്ടിരുന്നു. സുനിക്ക് കുഴപ്പമൊന്നിമില്ലെന്നാണ് ഇയാളെ ജില്ലാ ജയിലില്‍ പരിശോധിച്ച ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് കൊണ്ടു പോകാമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ ജയിലില്‍ ഇയാള്‍ ശാന്തനായ തടവുകാരനാണെന്നാണ് സൂചന. ഇയാള്‍ ജയിലില്‍ കുഴപ്പമൊന്നും സൃഷ്ടിക്കുന്നില്ല. സുനിയുടെ റിമാന്‍ഡ് കാലാവധി 22 വരെ നീട്ടിയിട്ടുണ്ട്. അതിനിടെ കാക്കനാട് ജയിലിലേക്ക് തന്നെ മാറ്റണമെന്ന അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം കോടതി 14ന് പരിഗണിക്കും.






