
ഫ്ലോറിഡയിലും സമീപ ദ്വീപുകളിലും ഇര്‍മ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോള്‍ കടല്‍ കിലോമീറ്ററുകളോളം മരുഭൂമിയാകുകയായിരുന്നു. ഇര്‍മ ഒരുഭാഗത്ത് തകര്‍ത്ത് മുന്നേറുമ്പോള്‍ തന്നെ കടലിനെ ഓരോ നിമിഷവും പിന്നോട്ടു വലിച്ചു കൊണ്ടു പോകുന്ന ദൃശ്യം എല്ലാവരിലും സുനാമി ഭീതിയാണ് ഉണ്ടാക്കിയത്.
വന്‍ ആഴമുള്ള കടല്തീരങ്ങള് പോലും വരണ്ടു കിടക്കുന്ന ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ ലക്ഷക്കണിക്ക് പേരാണ് ഷെയര്‍ ചെയ്യുന്നത്. കടല്‍ അപ്രത്യക്ഷമായി, ഇവിടെ ഇപ്പോള്‍ മരുഭൂമിയാണ്, ഭീതിയുണ്ട് എന്നെല്ലാം ട്വീറ്റുകളില്‍ കാണാം. ബഹാമാസില് കടല്‍ അപ്രത്യക്ഷമായി എന്ന ട്വീറ്റ് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്.
മണിക്കൂറുകള്‍ക്ക് മുന്‍പ് കരയിലേക്ക് അടിച്ചുകയറിയിരുന്ന ആഴകടലിലൂടെ ആളുകള്‍ നടക്കുന്ന കാഴ്ചയും കാണാമായിരുന്നു. കടലും ബീച്ചും എല്ലാം ഒരുനിമിഷം മരുഭൂമിയെ പോലെ ആകുകയായിരുന്നു. ഒരു ഭാഗത്ത് കടല്‍ പിന്നോട്ടു പോയെങ്കില്‍ നഗരം പുഴയായി മാറിയിരുന്നു. വന്‍ പേമാരിയിലും കാറ്റിലും നഗരം വെള്ളത്തിലായി. പിന്നീട് രാത്രി ഏറെ വൈകിയാണ് ബഹാമാസ് ഭാഗത്തെ കടല്‍ തിരിച്ചെത്തിയത്.
അതേസമയം, ഇത് പുതിയ പ്രതിഭാസമല്ലെന്നും 'നെഗറ്റീവ് സര്‍ജ്' എന്നാണ് ഇത് അറിയപ്പെടുന്നതെന്നും ദേശീയ കാലാവസ്ഥാ സേവനകേന്ദ്രം അറിയിച്ചു.






