
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായന് നാദിര്‍ ഷായുടെ ചോദ്യം ചെയ്യല്‍ നടത്താന്‍ പോലീസിന് കഴിഞ്ഞില്ല. കോടതി നിര്‍ദേശപ്രകാരം ഇന്നു രാവിലെ 9.30 ഓടെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരായ നാദിര്‍ ഷായ്ക്ക് 10 മണിയോടെ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു.ഇതേതുടര്‍ന്ന് അമിതമായി വിയര്‍ക്കുകയും ശരീരം കുഴയുകയും ചെയ്ത നാദിര്‍ ഷായെ വൈദ്യ സംഘമെത്തി പരിശോധിച്ചു. നാദിര്‍ ഷായോട് ആശുപത്രിയില്‍ ചികിത്സ തേടാനും പോലീസും ഡോക്ടര്‍മാരും നിര്‍ദേശിച്ചു.
ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ച് പോലീസ് സംഘം 11.30 ഓടെ മടങ്ങി. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു.
ഇന്നത്തെ ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ്.പി അറിയിച്ചു.
കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെങ്കിലും അസിഡിറ്റിയും നെഞ്ചുവേദനയും ആണെന്ന് കാണിച്ച് നാദിര്‍ ഷാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.






