
ന്യൂഡല്‍ഹി: അയോധ്യാ വിഷയത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കാനുള്ള നീക്കം ഷിയാ വഖഫ് ബോര്‍ഡ് സജീവമാക്കി. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം രിസ്വി അയോധ്യയിലെ സന്യാസി പ്രമുഖരുമായി ചര്‍ച്ചനടത്തി.
വെള്ളിയാഴ്ച അയോധ്യയിലെ രാം ജന്മഭൂമി ട്രസ്റ്റ് ചെയര്മാന് മഹന്ത് നൃത്യ ഗോപാല്‍ദാസ് ഉള്‍പ്പെടെയുള്ളവരുമായാണ് രിസ്വി കൂടിക്കാഴ്ച നടത്തിയത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുന്നതില്‍ എതിര്‍പ്പില്ലെന്നും അയോധ്യയില്‍ മുസ്ലിംകള്ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് പള്ളി പണിയാമെന്നുമാണ് ഷിയാ വിഭാഗം മുന്‍പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഇതേകാര്യം തന്നെയാണ് രിസ്വി സന്യാസിമാരോടു പറഞ്ഞത്.
ഉത്തര്‍പ്രദേശിലെ വിവിധ ഹൈന്ദവസംഘടനകള്‍ അംഗമായ രാം ജന്മഭൂമി ട്രസ്റ്റിനും ഷിയാ വഖഫ് ബോര്‍ഡിനും ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്തെകുറിച്ചുള്ള തര്‍ക്കം കോടതിക്കു പുറത്തുവച്ചു പരിഹരിക്കണമെന്ന നിലപാടാണുള്ളത്. ബാബ്റി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രധാന കേസ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണുള്ളത്.
കേസിലെ ഹര്‍ജിക്കാരുമായും തര്‍ക്കത്തില്‍ പലപ്പോഴായി ഇടപെട്ടവരുമായും ഷിയാ വഖഫ് ബോര്‍ഡ് പ്രതിനിധികള്‍ ബന്ധപ്പെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമിയുമായും രിസ്വി കഴിഞ്ഞയാഴ്ച ചര്‍ച്ചനടത്തി.
മഹന്ത് നൃത്യ ഗോപാല്ദാസുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നുവെന്നും തങ്ങളുടെ നിര്‍ദേശം അവര്‍ക്കു മുമ്പാകെ വച്ചുവെന്നും രിസ്വി പിന്നീട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ പ്രധാനമായി ഒന്നുമില്ലെന്നായിരുന്നു ഗോപാല്‍ദാസിന്റെ പ്രതികരണം. ക്ഷേത്രനിര്‍മാണത്തിനു ഷിയാ നേതാക്കള്‍ സഹകരണം വാഗ്ദാനംചെയ്തിട്ടുണ്ട്. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടുപോകും. പള്ളി പുനര്നിര്മിക്കുന്നതിനെക്കുറിച്ചു തങ്ങള്‍ യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാബ്റി മസ്ജിദ് ഉടമസ്ഥാവകാശ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനാവില്ലെന്നും കോടതി മുഖേന മാത്രമെ പരിഹരിക്കാന്‍ പാടുള്ളൂവെന്നുമുള്ള നിലപാടില്‍ മാറ്റംവരുത്താന്‍ കേസിലെ പ്രധാനഹര്ജിക്കാരായ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തയാറായിട്ടില്ല.




