ന്യൂഡല്‍ഹി: ഇന്ത്യ 'താഴ്ന്ന ഇടത്തരം' വരുമാന സമ്പദ്വ്യവസ്ഥയായി തുടരുമ്പോഴും, പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ ലോകബാങ്കിന്റെ 'ഉയര്‍ന്ന ഇടത്തരം' വരുമാന പരിധി മറികടന്നതായി റിപ്പോര്‍ട്ട്.
ലോകബാങ്ക് വിവരങ്ങള്‍ വിശകലനം ചെയ്ത് 'മണികണ്ട്രോള്' തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പ്രതിശീര്‍ഷ വരുമാനം 1,175 ഡോളറില്‍(ഏകദേശം 1.12 ലക്ഷം രൂപ) താഴെയുള്ള രാജ്യങ്ങളെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളായും 1,175 ഡോളറിനും 4,635 ഡോളറിനും(ഏകദേശം 4.42 ലക്ഷം രൂപ) ഇടയിലുള്ളവയെ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളായും, 14,375 ഡോളറിന് (ഏകദേശം 13.71 ലക്ഷം രൂപ) മുകളിലുള്ളവയെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളായുമാണ് ലോകബാങ്ക് തരംതിരിക്കുന്നത്. എന്നാല്‍, പ്രതിശീര്‍ഷ വരുമാനം 2,760 ഡോളറുള്ള ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി തുടരുമ്പോഴും വിവിധ സംസ്ഥാനങ്ങളിലെ ചിത്രം തികച്ചും വ്യത്യസ്തമാണ്. 6,217 ഡോളര്‍(ഏകദേശം ആറ് ലക്ഷം രൂപ) പ്രതിശീര്‍ഷ വരുമാനവുമായി ഡല്‍ഹിയാണ് രാജ്യത്ത് മുന്നില്‍. കര്‍ണാടക (5,579 ഡോളര്‍), തെലങ്കാന (5,407 ഡോളര്‍), തമിഴ്നാട് (5,329 ഡോളര്‍), ഗുജറാത്ത് (4,734 ഡോളര്‍) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെ. ഈ അഞ്ച് സംസ്ഥാനങ്ങളും ലോകബാങ്കിന്റെ ഉയര്‍ന്ന ഇടത്തരം വരുമാന പരിധി മറികടന്നു. അതേസമയം, മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നേരീയ വ്യത്യാസത്തിലാണ് ഈ പദവി നഷ്ടമായത്. മഹാരാഷ്ട്രയുടെ പ്രതിശീര്‍ഷ വരുമാനം 4,628 ഡോളറാണ്. വെറും 8 ഡോളറിന്റെ കുറവ്. തൊട്ടുപിന്നിലുള്ള ഹരിയാനയ്ക്ക് (4,627 ഡോളര്‍) 9 ഡോളറിന്റെ കുറവുണ്ടായപ്പോള്‍, കേരളത്തിന് (4,610 ഡോളര്‍/4.39 ലക്ഷം രൂപ) 26 ഡോളറിന്റെ കുറവ് നേരിട്ടു.
മറുഭാഗത്ത്, 984 ഡോളര്‍(93,000 രൂപ) പ്രതിശീര്‍ഷ വരുമാനവുമായി ബിഹാര്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായി തുടരുന്നു. ഉത്തര്‍പ്രദേശ് (1,403 ഡോളര്‍), ഝാര്‍ഖണ്ഡ് (1,470 ഡോളര്‍) എന്നിവയാണ് തൊട്ടുപിന്നില്‍. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വരുമാനം അയല്‍രാജ്യമായ നേപ്പാളിനേക്കാളും ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും കുറവാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ മേഖലയിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. 1994-ല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന് പോലും ലോകബാങ്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് 'മിഡില്‍ ഇന്‍കം' പദവി നേടാനുള്ള വരുമാനമില്ലായിരുന്നു.
എന്നാല്‍ ഇന്ന് പല സംസ്ഥാനങ്ങളുടെയും വരുമാനം ദക്ഷിണാഫ്രിക്ക (6,270 ഡോളര്‍), ഫിജി (6,230 ഡോളര്‍), മംഗോളിയ (6,210 ഡോളര്‍) തുടങ്ങിയ രാജ്യങ്ങള്‍ക്ക് തുല്യമാണ്. കര്‍ണാടകയും തെലങ്കാനയും ഇന്തോനീഷ്യ (5,120 ഡോളര്‍), വിയറ്റ്നാം (4,970 ഡോളര്‍) തുടങ്ങിയ സമ്പദ്വ്യവസ്ഥകളെക്കാള്‍ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്.


