
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സംവിധായകന് നാദിര്‍ ഷാ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് രാവിലെ 10.10 ഓടെ നാദിര്‍ ഷാ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പത്തു മണിക്കു മുന്‍പേ പോലീസ് ക്ലബില്‍ എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്‍പായി നാദിര്‍ ഷായെ വൈദ്യസംഘം പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ ഷാ ഹാജരായിരുന്നുവെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് താഴ്ന്നതും മൂലം അവശനായിരുന്നു. ഇത് ബോധ്യപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് ഉടന്‍ തന്നെ വൈദ്യസഹായം ഏര്‍പ്പെടുത്തുകയും ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വൈകിട്ടോടെ ചോദ്യം ചെയ്യലിന് എത്താമെന്ന് നാദിര്‍ ഷാ അറിയിച്ചുവെങ്കിലും ഞായറാഴ്ച രാവിലെ എത്താന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു.
നടിയെ ആക്രമിക്കുന്നതിനു മുന്‍പ് ദിലീപ് നിര്‍ദേശിച്ച പ്രകാരം നാദിര്‍ ഷാ തനിക്ക് 25,000 രൂപ നല്‍കിയിരുന്നുവെന്നും തൊടുപുഴയില്‍ ചിത്രീകരണത്തിലിരുന്ന സിനിമയുടെ സെറ്റിലെത്തിയാണ് പണം കൈപ്പറ്റിയതെന്നുമായിരുന്നു മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. ദിലീപ് പറഞ്ഞിട്ട് പണം നല്‍കിയെന്ന് പറയാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി നാദിര്‍ഷായും കോടതിയില്‍ പറഞ്ഞിരുന്നു.
നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കുകയാണ്. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് ഈ സമയം പോലീസ് ഹാജരാക്കേണ്ടതുണ്ട്. നേരത്തെ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും കാണിച്ച് നാദിര്‍ ഷാ കോടതിയെ സമീപിച്ചിരുന്നു. 18 വരെ നാദിര്‍ ഷായുടെ അറസ്റ്റ് തടഞ്ഞ കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.






