
ന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിഐപികള്‍ക്ക് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുമ്പോള്‍ സാധാരണക്കാരന് പിന്നെയും പിന്നെയും വാഗ്ദാനങ്ങള്‍ മാത്രം. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 19.26 ലക്ഷം പോലീസുകാരുള്ള രാജ്യത്ത് ഏറ്റവും പുതിയ വിവരം അനുസരിച്ച് 20,000 വിഐപികളും അവരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട 50,000 പോലീസുകാരും ഉണ്ട്.
ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഡേറ്റ അനുസരിച്ച് 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 20,828 വിഐപികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് 56,944 പോലീസുകാരനാണ്. അതായത് രാജ്യത്തെ ഒരു വിഐപിയ്ക്ക് 2.73 പോലീസുകാര്‍ വീതമുണ്ട്. ആര്‍ക്കും പോലീസ് സംരക്ഷണം നല്‍കാത്ത ഇന്ത്യയിലെ ഏക പ്രദേശം ലക്ഷദ്വീപ് മാത്രമാണ്. അതേസമയം സാധാരണക്കാരനെ സംരക്ഷിക്കാന്‍ ഒരു പോലീസുകാരന് പോലുമില്ലാത്ത അവസ്ഥയാണ്. 663 ഇന്ത്യാക്കാര്‍ക്ക് മാത്രമാണ് ഒരു പോലീസുകാരന്റെ സുരക്ഷയെങ്കിലും കിട്ടുന്നത്.
ഭീഷണിക്ക് പുറമേ വിഐപികള്‍ക്ക് സുരക്ഷ നല്‍കുന്നത് പലരും സ്റ്റാറ്റസ് സിംബലായി പോലും എടുക്കുന്നുണ്ട്. റെഡ് ബീക്കണ്‍ ലൈറ്റുകള്‍ എടുത്തു മാറ്റുന്നത് ഉള്‍പ്പെടെ പല നിരോധനങ്ങളും കൊണ്ടുവന്നതോടെ പോലീസ് സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തന്നെ തീരുമാനം എടുക്കുകയാണ്. ജീവന് ഭീഷണി എന്ന് പറഞ്ഞാണ് പലരും ഇക്കാര്യം ചെയ്യുന്നത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലാണ് വിഐപികള്‍ക്ക് കൂടുതല്‍ പോലീസുകാരെ നല്‍കുന്നത്. നാട്ടുകാരുടെ കാര്യം നോക്കാന്‍ തീരെ പോലീസുകാര്‍ ഇല്ലാത്ത ബീഹാറില്‍ പക്ഷേ 3,200 വിഐപികള്‍ക്ക് സുരക്ഷ നല്‍കുന്നത് 6,248 പോലീസുകാരാണ്. രണ്ടാം സ്ഥാനത്തുള്ള പശ്ചിമ ബംഗാളിലെ 2,207 വിഐപികള്‍ക്ക് സുരക്ഷ നല്‍കുന്നത് 4,233 പേരും. എന്നാല്‍ ഇത്തരം ഡ്യൂട്ടി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള വെറും 501 പോലീസുകാരുടെ സ്ഥാനത്താണ് ഈ കണക്ക്.
കശ്മീരില്‍ 2,075 വിഐപികള്‍ക്ക് 4,499 പോലീസുകാരാണ് സുരക്ഷ നല്‍കുന്നത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശില്‍ 1,901 പേര്‍ക്ക് തന്നെ 4,681 സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. പഞ്ചാബില്‍ 1852 ല്‍ 5,315 പേര് സുരക്ഷാ സേവനം നല്കുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ പ്രധാനപ്പെട്ടവരെല്ലാം വരുന്ന ഡല്‍ഹിയില്‍ 489 പേര്‍ക്ക് സുരക്ഷ നല്‍കുന്നത് 7,420 പേരാണ്. അതേസമയം പാര്‍ലമെന്റ്, സുപ്രീംകോടതി, മന്ത്രിമാരുടെ ഓഫീസുകള്‍ എന്നിവയ്ക്കെല്ലാം പാറാവുകാര്‍ ആവശ്യമായി വരുന്നതുകൊണ്ടാണിത്.






