
ഗുവാഹത്തി: റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ക്കു വേണ്ടി വാദിച്ചതിന്റെ പേരില്‍ അസമിലെ ന്യൂനപക്ഷ വിഭാഗം നേതാവും മുത്തലാഖ് വിരുദ്ധ പ്രചാരണത്തിലെ മുന്‍നിരക്കാരിയുമായ ബേനസീര്‍ അര്‍ഫാനെ ബി.ജെ.പി പുറത്താക്കി. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാണ് ഇവരെ നീക്കിയത്.
മ്യാന്മറിലെ റോഹിംഗ്യന്‍ മുസ്ലീംകളോട് അവിടുത്തെ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഉപവാസ സമരത്തില്‍ പങ്കെടുക്കണമെന്ന് കാണിച്ച് ബേനസീര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് ഇവര്‍ക്കെതിരായ നടപടിക്ക് ഇടയാക്കിയത്. ബേനസീറിനെ പുറത്താക്കിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സെയ്കിയ ആണ് വ്യാഴാഴ്ച കത്ത് നല്‍കിയത്. പോസ്റ്റിന്െ.റ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും കത്തില്‍ പറയുന്നു.
പാര്‍ട്ടിയുടെ മുത്തലാഖ് വിരുദ്ധ പ്രചാരണത്തിലെ നായികയായിരുന്നു ബേനസീര്‍. ഇവരും മുത്തലാഖിന്റെ ഇരയാണ്. അച്ചടക്ക നടപടി മുന്നില്‍ കണ്ട് മാപ്പപേക്ഷ എഴുതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
വ്യക്തിപരമായി ഇത്തരം ആക്രമണങ്ങളെ താന്‍ ഒരിക്കലും ന്യായീകരിക്കുകയോ ഫേസ്ബുക്കില്‍ പങ്കിടുകയോ ഇല്ല. അതില്‍ എന്റെ പാര്‍ട്ടി നേതാവ് രഞ്ജീത് ദാസ് കുറ്റം കണ്ടിരിക്കുന്നു. തന്റെ ഭാഗം കേള്‍ക്കാതെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയുമാണ് നടപടി സ്വീകരിച്ചതെന്നും ബേനസീര്‍ പറയുന്നു.
റോഹിംഗ്യന്‍ മുസ്ലീംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കണമെന്നും ഈ മാസം 16ന് ഗുവാഹത്തിയില്‍ യുണൈറ്റഡ് മൈനോറിറ്റീസ് പീപ്പിള്‍സ് ഫോറം നടക്കുന്ന റാലിയില്‍ പങ്കെടുക്കണമെന്നുമായിരുന്നു ബേനസീറിന്റെ പോസ്റ്റ്.






