
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ കെട്ടിടനിര്‍മാണ അനുമതിക്കായി സമര്‍പ്പിച്ച ഫയലുകള്‍ നഗരസഭയില്‍ നിന്ന് കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവം നാടകം. ഭരണ, പ്രതിപക്ഷ ഭേദമെന്യേ ഒരു വിഭാഗം നഗരസഭാ അധികൃതരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കൈയേറ്റ വിവാദങ്ങള്‍ അവസാനിപ്പിക്കാനായി രേഖകള്‍ പൂഴ്ത്തുകയും പിന്നീട് തിരിച്ചു കൊണ്ടുവരികയുമായിരുന്നു എന്നാണ് വിവരം.
ഫയല്‍ കാണാതായ സമയത്ത് പരിശോധിച്ച അലമാരയിലാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നിര്‍ണായക രേഖകളൊന്നുമില്ലാതെ അവ തിരിച്ചെത്തിയത്. നഗരസഭാ റവന്യു വിഭാഗത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരുന്ന പഴയപെട്ടികള് വിശദമായ പരിശോധനകള്‍ക്ക് ശേഷം നേരത്തേ തന്നെ ഒഴിവാക്കിയതാണ്. ഇവയില്‍ നിന്നാണ് 1999-ല്‍ നിര്‍മാണാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട 18 ഫയലുകള്‍ കണ്ടെത്തിയത്. ഈ ഫയലുകള്‍ കാണാതായതിനു രണ്ടു വനിതാ ജീവനക്കാരടക്കം നാലു പേര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. ഓഫീസില്‍ തന്നെയുള്ള കസേരമാറ്റമാണുണ്ടായത്.
ഇപ്പോള്‍ കണ്ടെത്തിയ രേഖകളില്‍ ആധാരവും കരമൊടുക്കിയ രസീതുമില്ല. റിസോര്‍ട്ട് നിര്‍മിച്ച ഭൂമിയുടെ ബി.ടി.ആറില്‍ 90 ശതമാനം ഭൂമിയും കൃഷി നിലമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തീരദേശപരിപാലന നിയമമനുസരിച്ച് കായലില്‍ നിന്ന് 100 മീറ്ററിനുള്ളില്‍ നിര്‍മാണം നടത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും കൃഷിനിലത്ത് നിര്‍മാണം നടത്തണമെങ്കില്‍ ആര്.ഡി.ഒയുടെ ഉത്തരവും വേണമെന്നിരിക്കെ ഇത് രണ്ടും ഫയലില്ല.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പ്രാബല്യത്തില്‍ വന്ന ശേഷം നിര്‍മിച്ച 13 കെട്ടിടങ്ങളുടെ ഭൂമിയുടെ സര്‍വേനമ്പര്‍ കെട്ടിട നമ്പര്‍ നല്കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമില്ല.ആലപ്പുഴ നഗരസഭ തിരുമല വാര്‍ഡല്‍ വേമ്പനാട്ട് കായലിനോട് ചേര്‍ന്നാണ് ലേക് പാലസ്.
കായലില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെ നിര്‍മിച്ച റിസോര്‍ട്ടിന് എങ്ങനെ അനുമതി ലഭിച്ചെന്ന ചോദ്യവുമായി വിവരാവകാശ നിയമപ്രകാരം നഗരസഭയെ സമീപിച്ച മാധ്യമങ്ങള്‍ക്കാണ് ഫയലുകള്‍ ലഭ്യമല്ലെന്നു മറുപടി ലഭിച്ചത്. മുല്ലയ്ക്കല് വില്ലേജ് ഓഫീസില്‍ നിന്ന് ലഭ്യമായ ഭൂമിയുടെ ബി.ടി.ആര് പ്രകാരം റിസോര്‍ട്ടിലെ കെട്ടിടമുള്‍പ്പെടുന്ന ഭൂമിയുടെ 85/1 എന്ന സര്‍വേ നമ്പറിലെ എട്ട് ഏക്കറിലധികം മുഴുവന്‍ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരസഭ നമ്പര്‍ നല്‍കിയതില്‍ ഇതുപോലെ 34 കെട്ടിടങ്ങളുണ്ട്.
കൃഷിനിലത്ത് കെട്ടിടം നിര്മിക്കണമെങ്കില് ഭൂവിനിയോഗ നിയമപ്രകാരം ആര്.ഡി.ഒ ഉത്തരവ് നല്‍കണം. കഴിഞ്ഞ ദിവസം ലഭിച്ച ഫയലുകളിലുള്ളത് കെട്ടിടം നിര്‍മിക്കാനുള്ള അനുമതി മാത്രമാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം 2011 മാര്‍ച്ച് 26ന് ആലപ്പുഴ നഗരസഭ 14 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇവയില്‍ ഒരു കെട്ടിടത്തിന്റെയും ഭൂമിയുടെ സര്‍വേ നമ്പരും കെട്ടിടനമ്പരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രിയെ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നഗരസഭയില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ രംഗത്തുണ്ട്. തോമസ് ചാണ്ടി ജനപ്രതിനിധിയാകും മുമ്പാണ് ലേക്ക് പാലസിന്റെ നിര്‍മാണം നടന്നത്.
എല്‍.ഡി.എഫ്. നഗരസഭ ഭരിക്കുമ്പോഴാണ് കുടുതല്‍ നിര്‍മാണങ്ങള്‍ക്കും അനുമതി ലഭിച്ചത്. പിന്നീട് യു.ഡി.എഫ്. ഭരണത്തിലും നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മാറിമാറി സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ നിര്‍ലോഭമായ സഹായങ്ങള്‍ നേടിയെടുക്കാനും തോമസ് ചാണ്ടിക്ക് കഴിഞ്ഞു.






