
തൃശ്ശൂര്‍ : ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസം മുട്ടിച്ച് കൊന്നു. അങ്കമാലി നായത്തോട് വീരംപറമ്പില്‍ രാജീവന് (43) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചിയിലെ പ്രമുഖ അഭിഭാഷകനിലേയ്ക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ട്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര പറഞ്ഞു.
കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്നു പേരാണ് കസ്റ്റഡിയിലായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ അഭിഭാഷകനാണ് രാജീവിനെ കൊല്ലാന്‍ മൂന്നംഗ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് സൂചന. പ്രതികളെ മദ്യപിച്ച നിലയിലാണ് പോലീസ് പിടികൂടിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ തര്‍ക്കമാണ് അഭിഭാഷകന്റെ വൈരാഗ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. വസ്തു ഇടപാടിന്റെ പേരില്‍ അഭിഭാഷകനില്‍ നിന്നും രാജീവന് അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നല്‍കാതിരുന്നതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്.
രാജീവിനെ കാണാനില്ലെന്ന പരാതിയുമായി മകനാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഇതിന് പിന്നാലെയാമ്പരിയാരത്ത് തവളപ്പാറയില്‍ എസ്ഡി കോണ്‍വന്റ് വക കെട്ടിടത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും ബലം പ്രയോഗിച്ച് രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
പരിയാരത്തിന് സമീപം കൃഷിക്കായി രാജീവന് തോട്ടം പാട്ടത്തിന് എടുത്തിരുന്നു. ഈ തോട്ടത്തിന്റെ പരിസരത്തു നിന്നും സ്കൂട്ടറും കുടയും പ്രതികളുടെ ചെരിപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നും രാജീവനെ പിടിച്ചുകൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിനുള്ളില്‍ ആളനക്കം കണ്ടതോടെ പ്രദേശവാസിയായ ഒരാള്‍ സ്ഥലത്തു നോക്കാന്‍ എത്തിയെങ്കിലും ഇയാളെ മൂന്നംഗ സംഘം വിരട്ടിയോടിച്ചു. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പോലീസിനെയും കൂട്ടി സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.






