
ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇഛാശക്തിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാ പൗരന്മാരെയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും തികഞ്ഞ ദൃഡനിശ്ചയമാണ് മോചനത്തിനിടയാക്കിയതെന്ന് കണ്ണന്താനം പറഞ്ഞു.
അമേരിക്കക്കാര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്കും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് നമ്മള് നടത്തിയത്. യമനില്‍ ഇന്ത്യന്‍ എംബസി ഇല്ലായിരുന്നു. വലിയ നയതന്ത്ര വിന്യാസത്തോടെയും അയല്‍ രാജ്യങ്ങളുമായുള്ള നീണ്ട ആശയ സംവാദത്തോടെയുമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്. ജാതിയും മതവും പരിഗണിക്കാതെ എല്ലാ ഇന്ത്യക്കാരെയും സംരക്ഷിക്കാനാണ് ഈ സര്‍ക്കാരിന്റെ തീരുമാനം.
ലിബിയയില്‍ നിന്ന് ഫാദര്‍ പ്രേം കുമാറിനെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ജുദിത്ത് ഡിസൂസയെയും മോചിപ്പിച്ചത് ഇതിനുദാഹരണമാണെന്നും കണ്ണന്താനം പറഞ്ഞു.






