
സിഡ്നി: ക്രിക്കറ്റ് പിച്ചിലെ വ്യാജ ഫീല്‍ഡിംഗിന് ഐസിസിയുടെ വക മൂക്കുകയര്‍. ഐ.സി.സിയുടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഓസ്ട്രേലിയന്‍ താരത്തിന് കിട്ടിയത് അഞ്ചിന്റെ പണിയാണ്.
പന്ത് അടുത്തെത്തിയപ്പോള്‍ ചാടിവീണു, പക്ഷെ പന്ത് കൈയില്‍ നിന്ന് വഴുതിപ്പോയി എന്നാലും പന്ത് കിട്ടിയതായി അഭിനയിച്ച് എറിയാനായി ഓങ്ങി. ഫീല്‍ഡറുടെ കൈയില്‍ പന്ത് കിട്ടിയെന്ന് വിശ്വസിച്ച ബാറ്റ്സ്മാന് സിംഗിളിനായി ക്രീസില്‍ നിന്ന് ഇറങ്ങിയെങ്കിലും ഫീല്‍ഡറുടെ അഭിനയത്തില്‍ തിരികെ ക്രീസിലേയ്ക്ക് കയറി. അതുകഴിഞ്ഞാണ് സംഭവം ഫീല്‍ഡറുടെ അഭിനയമാണെന്ന് ബാറ്റ്സ്മാന് കാര്യം, മനസിലായത്. ഡബിള്‍ നേടാവുന്ന പന്തില്‍ ഫീല്‍ഡറുടെ അഭിനയം കൊണ്ട് ടീമിന് നഷ്ടമായത് വിലപ്പെട്ട ഒരു റണ്‍ തന്നെയാണ്.
എന്നാല്‍ ഇത് വെറുതെ വിടാതെ അംമ്പയറുടെ പിടി എതിര് ടീമിനു നേരെ വീണു. ശിക്ഷയായി ബാറ്റു ചെയ്യുന്ന ടീമിന് അമ്പയര്‍ അഞ്ചു റണ്‍സ് അനുവദിച്ചു. ഒരു പന്തില്‍ ടീമിനു കിട്ടിയത് ആറു റണ്‍സ്.
ജെ.എല്‍.ടി കപ്പില്‍ ക്യൂന്സ്ലാന്ഡ് ബൂള്സും, ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ക്യൂന്സ്ലാന്ഡ് താരം മാര്നസായിരുന്നു ഫീല്‍ഡിനിടെ അഭിനയിച്ചത്. ക്രിക്കറ്റിലെ പുതിയ നിയമപ്രകാരം ഒരു ഫീല്‍ഡര്‍ മനപൂര്‍വം വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ, ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കുന്നതോ ബാറ്റിങ്ങിന് തടസം സൃഷ്ടിക്കുന്നതോ ഇനി ശിക്ഷാര്‍ഹമാണ്.






