
മയാമി: ഫുട്ബോള്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്ന് ചരിത്രം കുറിച്ച കേപ് വെര്‍ദെയുടെ നായകന് റയാന് മെന്‍ഡിസിനെതിരെ പീഡന പരാതി.
മാര്‍ച്ചില്‍ ന്യൂസിലന്‍ഡില്‍ നടന്ന ഫിഫ പരമ്പരയ്ക്കിടെ ടീമിനൊപ്പം വിവര്‍ത്തകയായി ജോലി ചെയ്ത ബ്രസീലിയന്‍ യുവതിയാണ് റയാന് മെന്‍ഡിസിനെതിരേ പരാതി നല്‍കിയത്. ഓക്ലന്‍ഡിലെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയ മെന്‍ഡിസ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതിയുടെ പരാതിയില്‍ ന്യൂസിലന്‍ഡിലെ പോലീസ് ആന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് 27 ന് ചിലിക്കെതിരായ മത്സരത്തിന് മുന്നോടിയായി ഹോട്ടല്‍ മുറിയില്‍ നടന്ന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായി യുവതി പറഞ്ഞു. സൗഹൃദ കൂട്ടായ്മയാണെന്നു വ്യക്തമായതോടെ മുറിയിലേക്ക് മടങ്ങി. ഈ സമയത്ത് മെന്‍ഡസ് തന്നെ പിന്തുടരുകയായിരുന്നെന്ന് യുവതി പറഞ്ഞു. വാതിലില്‍ മുട്ടുകയും തുറന്നപ്പോള്‍ അതിക്രമച്ച് കയറുകയും ചെയ്തു. കഴുത്ത് ഞെരിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്ത ശേഷം മെന്‍ഡിസ് ബലാത്സംഗം ചെയ്തെന്നാണു യുവതിയുടെ മൊഴി.
അന്ന് വെര്‍ദെ ഫുട്ബോള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ആരോപണത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ന്യൂസിലന്‍ഡ് അധികൃതരെ ബന്ധപ്പെട്ടതായും ഫിഫ വ്യക്തമാക്കി. നോക്കൗട്ടില്‍ നിലവനിലെ ചാമ്പ്യനായ അര്‍ജന്റീനയാണു വെര്‍ദെയെ നേരിടുക. മെന്‍ഡസിനെ കൂടാതെ മൊറോക്കോയുടെ അഷ്റാഫ് ഹക്കിമിയും ഫ്രാന്‍സില്‍ പീഡന പരാതിയില്‍ അന്വേഷണം നേരിടുകയാണ്. ജപ്പാന്റെ ജുന്യ ഇറ്റോ, കായ്ഷു സാനോ എന്നിവരും പീഡന പരാതിയില്‍ പ്രതിപ്പട്ടികയിലാണ്. ഘാനയുടെ സൂപ്പര്‍ താരം തോമസ് പാര്ടെയ്ക്കെതിരേ ഇംഗ്ലണ്ടില്‍ ഒന്നിലധികം പീഡന പരാതികളുണ്ട്.





