
ലൊസാഞ്ചലസ്: ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് കാനഡ ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യനോക്കൗട്ട് കടന്നു. ഇംഗ്ലല്വുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ടില്‍ സ്റ്റീഫന്‍ യുസ്റ്റാക്വിയോയുടെ ഗോളാണു കാനഡയുടെ മുന്നോട്ടുള്ള വഴി തെളിച്ചത്. ഈ ലോകകപ്പിലെ സഹ ആതിഥേയര്‍ കൂടിയാണ്. നെതര്‍ലന്‍ഡ്സും മൊറോക്കോയും തമ്മില്‍ നടക്കുന്ന നോക്കൗട്ടിലെ ജേതാവാണു കാനഡക്കാരെ അടുത്തതായി നേരിടുക. 58 ശതമാനം സമയത്തും പന്തില്‍ ആധിപത്യമുണ്ടായിരുന്ന കാനഡ പാസിങ്ങിലും(538) മികച്ചുനിന്നു. ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്യംസിന്റെയും പ്രതിരോധക്കാരുടെയും മികവ് കാനഡയുടെ ഗോളടി ശ്രമങ്ങള്‍ തടഞ്ഞു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം വരെ ദക്ഷിണാഫ്രിക്കന്‍ വലയില്‍ പന്ത് കയറിയുമില്ല.
ഇഞ്ചുറി ടൈം തുടങ്ങി രണ്ടാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച ഗോളെത്തി. കോച്ചുമാര്‍ അധിക സമയത്തെക്കുറിച്ചും പിന്നാലെ വന്നേക്കാവുന്ന പെനാല്‍റ്റി ഷൂട്ടൗട്ടിനെക്കുറിച്ചും ചര്‍ച്ച തുടങ്ങി വച്ചപ്പോഴേയ്ക്കും ഗോളെത്തി. വിങര്‍ ജേക്കബ് ഷാഫെല്ബര്ഗന്റെ ബോക്സിലേക്ക് നീട്ടിയുള്ള നിരുപദ്രവമായ ക്രോസ്. പന്തിലേക്ക് കാനഡ താരങ്ങള്ക്കെത്താനായില്ല. പക്ഷേ ഡിഫന്‍ഡര്‍ ഇമേ ഒകോണിന്റെ ഹെഡറിനു പിഴച്ചു. പന്ത് വീണത് സ്റ്റീഫന്‍ യുസ്റ്റാക്വിയോയുടെ കാലിനു പാകത്തിന്. പന്ത് നിയന്ത്രണത്തിലാക്കിയ യുസ്റ്റാക്വിയോ അടുത്ത ടച്ചില്‍ ഷോട്ടെടുത്തു. ഡൈവ് ചെയ്ത ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്യംസിനെ മറികടന്ന് പന്ത് വലയില്‍. മൂന്നാമത്തെ മാത്രം ലോകകപ്പ് കളിക്കുന്ന കാനഡ ക്വാര്‍ട്ടറിലേക്ക്. കനേഡിയന്‍ കോച്ച് ഹൊസെ മാഷ് 4-4-2 ഫോര്‍മേഷനാണു താല്പര്യപ്പെട്ടത്്.
ജൊനാഥന് ഡേവിഡ്, ടാനി ഒലുവാസി എന്നിവര്‍ മുന്നില്‍നിന്നു. ദക്ഷിണാഫ്രിക്കന്‍ കോച്ച് ഹ്യൂഗോ ബ്രൂസ് എവിഡെന്‍സ് മാക്ഗോപയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനില്‍ താല്പര്യപ്പെട്ടു. ഹ്യൂഗോ ബ്രൂസിന്റെ ശിഷ്യന്മാര് പ്രതിരോധത്തില്‍ മികച്ചുനിന്നു. അവരുടെ മുന്നേറ്റങ്ങള്‍ക്കു മൂര്‍ച്ചയില്ലാതെ പോയതു തിരിച്ചടിയായി. ഗോളിലേക്കുള്ള രണ്ട് ഷോട്ടുകള്‍ മാത്രമാണു ദക്ഷിണാഫ്രിക്ക തൊടുത്തത്. അതുകൊണ്ടു തന്നെ ഗോള്‍ കീപ്പര്‍ മാക്സിമെ ക്രെപുവിന് കാര്യമായി അധ്വാനിക്കേണ്ടി വന്നില്ല. കാനഡ ഗോളിലേക്ക് ഏഴ് ഷോട്ടുകള്‍ പായിച്ചു. കാനഡ കളിയിലുടനീളം പന്ത് ദക്ഷിണാഫ്രിക്കന്‍ ഗോള്‍ മുഖത്തെത്തിക്കാന് ശ്രമിച്ചു. കാനഡ ഒന്നാം പകുതിയില്‍ തുടരെ ഗോളവസരങ്ങള്‍ സൃഷ്ടിച്ചു.
ടാനി ഒലുവാസിയുടെ ഗോള്‍ ശ്രമം തടുക്കാന്‍ റോന്‍വെന്‍ വില്യംസിനു മുന്നോട്ടു കയറേണ്ടി വന്ന അവസരവുമുണ്ടായി. പന്ത് ഗോള്‍ കീപ്പറെ മറികടന്നെങ്കിലും എംബെകെസെലി എംംേബാകാസിയുടെ ക്ലിയറന്‍സ് അപകടമൊഴിവാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാനഡയുടെ റിച്ചി ലാറിയയെ ബോക്സില്‍ ഖുലിസോ മുദൗ വീഴ്ത്തി. കാനഡക്കാര്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും വാറില്‍ തള്ളി. കളിയുടെ 75-ാം മിനിറ്റില്‍ കാനഡ നായകന് അല്‍ഫോസോ ഡേവിസിനെ കളത്തിലിറക്കി. പരുക്കില്‍നിന്നു പൂര്‍ണ മുക്തനായ ശേഷമാണ് അല്‍ഫോസോ ഡേവിസ് കളിക്കളത്തിലിറങ്ങിയത്.





