
കോലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന് കിം ജോങ് നാമിന്റെ അവയവങ്ങള്‍ക്ക് നാശം സംഭവിച്ചതായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്കി. മുഹമ്മദ് ഷാ മഹ്മൂദ് എന്ന ഡോക്ടറാണ് മലേഷ്യന്‍ കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ ഇക്കാര്യം അറിയിച്ചത്. ശ്വാസകോശം, തലച്ചോറ് ഉള്‍പ്പടെ പ്രധാനഅവയവങ്ങളെല്ലാം നശിച്ചുവെന്നും ഡോക്ടര്‍ അറിയിച്ചു.
ഇതിന് പുറമെ കിം ജോങ് ഉന്നുമായി അകല്ച്ചയിലായിരുന്നതിനാല് തന്നെ നാമിന്റെ കൊലയ്ക്കു പിന്നില്‍ ഉത്തര കൊറിയയാണെന്ന ആരോപണം ശക്തമായി കേള്‍ക്കുന്നുണ്ട്.
മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാമിന്റെ മുഖത്ത് രണ്ട് ഇന്തോനേഷ്യന്‍ യുവതികള്‍ ചേര്‍ന്ന് രാസാമരുന്ന് മുഖത്ത് തേച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഐക്യരാഷ്ട്ര സംഘടന നിരോധിച്ചിരിക്കുന്ന രാസവസ്തുവാണ് ഇയാളുടെ മുഖത്ത് തേച്ചത്.
എന്നാല്‍ പിടിയിലായ ഇരുവരും കുറ്റം നിഷേധിച്ചിരുന്നു. കൊലപാതകമാണ് ചെയ്യുന്നതെന്നറിയില്ലായിരുന്നുവെന്നും ടിവി റിയാലിറ്റി ഷോയുടെ ഭാഗമായ തമാശയാണെന്നാണു വിശ്വസിച്ചിരുന്നതെന്നും രണ്ടു യുവതികളും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് മുന്നോടിയായി ക്വാലലംപുരിലെ വിവിധ ഷോപ്പിങ് മാളുകളില്‍ ഇതിനായി ഒട്ടേറെത്തവണ പരിശീലനം നടത്തിയശേഷമാണു നാമിനെ ആക്രമിച്ചതെന്നു പ്രോസിക്യൂഷന് വാദിച്ചു.
കുറ്റം തെളിഞ്ഞാല്‍ രണ്ടു യുവതികള്‍ക്കും വധശിക്ഷ ലഭിക്കും.വിമാനത്താവളത്തിലെ ചെക്കിന് കൗണ്ടറിലേക്കു പോകുമ്പോഴാണു സ്ത്രീകള്‍ നാമിന്റെ പിന്നില്‍നിന്നു തലയിലും മുഖത്തും വിഷം തേച്ചത്. രുചിയോ മണമോ ഇല്ലാത്ത ഈ വസ്തു ആവിയായി ശ്വാസകോശത്തില്‍ എത്തിയാല്‍ മരണത്തിന് നിമഷങ്ങള്‍ മാത്രമാകും വേണ്ടിവരിക. പിന്നീട് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് ഇദ്ദേഹം മരിക്കുന്നത്.






