
ഫരീദാബാദ്: രണ്ടു വര്‍ഷമായി തുടരുന്ന അടിമപ്പണിയും പീഡനവും സഹിക്കാന്‍ കഴിയാതെ വീട്ടുജോലിക്കാരിയായ 13കാരി ആത്മഹത്യയ്ക്കു ശ്രമിച്ചു. വീട്ടുടമ താമസിക്കുന്ന ഫ്ളാറ്റിന്റെ 11ാം നിലയില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ആത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പക്ഷികളെ ഒഴിവാക്കാന്‍ പത്താംനിലയിലെ കെട്ടിയിരുന്ന വലയില്‍ കുടുങ്ങിക്കിടന്ന പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറത്തെടുത്തത്.
ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ബുധനാഴ്ച ഫരീദാബാദിലെ കനിഷ്ക ടവര്‍ ഫ്ളാറ്റിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ച ഫ്ളാറ്റിലെ താമസക്കാരിയായ 23 കാരിയെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ ദേഹമാസകലം മുറിവുകളും പൊള്ളലേറ്റ പാടുകളുമുണ്ട്. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് പലപ്പോഴും പെണ്‍കുട്ടിയുടെ കരച്ചില് കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. ജുവനൈല്‍ ജസ്റ്റീസ് നിയമം അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
ക്രൂരമായ ശാരീരിക പീഡനത്തിനു പുറമേ പലപ്പോഴും കുട്ടിയെ പട്ടിണിക്കിട്ടിരുന്നതായും പോലീസ് പറയുന്നു. ശരീരം ആകെ ശോഷിച്ച് പ്രാകൃതമായ അവസ്ഥയിലാണ് കുട്ടി. പെണ്‍കുട്ടിയെ ഒരിക്കല്‍ പോലും ഫ്ളാറ്റിന് പുറത്തുകണ്ടിട്ടില്ലെന്നും സമീപവാസികള്‍ പറയുന്നു. കുട്ടിയുടെ കരച്ചിലിനിടെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അത് നിങ്ങള്‍ അറിയേണ്ട കാര്യമല്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഒരു സ്വകാര്യ സര്‍വകലാശാലയില്‍ പഠിക്കുകയാണ് ഈ യുവതി.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടി ഫ്ളാറ്റില്‍ നിന്ന് ചാടിയത്. പത്താംനിലയിലെ ബാല്‍ക്കണിയില്‍ പക്ഷി കയറാതിരിക്കാന്‍ കെട്ടിയിരുന്ന വലയില്‍ കുടുങ്ങിയ പെണ്‍കുട്ടി വൈകിട്ട് 4.30ന് ഒമ്പതാം നിലയിലെ താമസക്കാരിയായ അധ്യാപിക എത്തുന്നതുവരെ അവിടെ കുടുങ്ങിക്കിടന്നു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട ഇവര്‍ പോലീസിനെയും സന്നദ്ധ സംഘടനയായ ശക്തിവാഹിനിയേയും വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പുറം പൊള്ളലേറ്റ നിലയിലായിരുന്നു. തലയില്‍ ചതവേറ്റിട്ടുണ്ട്. കൈകളില്‍ ആഴത്തിലുള്ള മുറിവിന്റെ പഴകിയ പാടുകളുമുണ്ട്. ഭയന്നുവിറച്ച് ക്ഷീണിതമായ അവസ്ഥയിലായിരുന്നു. നാളുകളായി പെണ്‍കുട്ടി പട്ടിണിയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ശക്തിവാഹിനി വക്താവ് പറഞ്ഞു. പെണ്‍കുട്ടിയെ ശിശുക്ഷേമസമിതിയില്‍ സംരക്ഷണത്തിനായി ഏല്‍പ്പിച്ചിരിക്കുകയാണ്.






